സീ ഗെയിംസ് നിയന്ത്രിച്ച് തൊടുപുഴ സ്വദേശി പ്രിൻസ്
1297864
Sunday, May 28, 2023 2:36 AM IST
തൊടുപുഴ: കംബോഡിയയിൽ നടന്ന 32-ാമത് സൗത്ത് ഈസ്റ്റ് ഏഷ്യൻ ഗെയിംസ് (സീ ഗെയിംസ്) ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ്പിൽ ഫിബ കമ്മീഷണറായി ഒൻപതു മത്സരങ്ങൾ നിയന്ത്രിച്ച് തൊടുപുഴ സ്വദേശി ഡോ. പ്രിൻസ് കെ.മറ്റം അഭിമാനമായി. രണ്ടു വർഷത്തിലൊരിക്കൽ നടക്കുന്ന സീ ഗെയിംസിൽ ഫിലിപ്പീൻസ്, കംബോഡിയ, തായ്ലൻഡ്്, വിയറ്റ്നാം, ഇന്തോനേഷ്യ, ലാവോസ്, സിംഗപ്പൂർ, മലേഷ്യ എന്നീ ലോകത്തെ മികച്ച ബാസ്കറ്റ്ബോൾ ശക്തികളാണു മാറ്റുരച്ചത്.
എല്ലാ ദേശീയ ടീമുകളിലും അമേരിക്കൻ എൻബിഎ താരങ്ങൾ അണിനിരന്ന ചാന്പ്യൻഷിപ്പിൽ ആതിഥേയരായ കംബോഡിയയെ പരാജയപ്പെടുത്തി ഫിലിപ്പീൻസ് ജേതാക്കളായി. വനിതാ വിഭാഗത്തിൽ ഇന്തോനേഷ്യ ചാന്പ്യന്മാരായി.
2012 മുതൽ അന്താരാഷ്ട്ര ബാസ്കറ്റ്ബോൾ കമ്മീഷണറായി ലൈസൻസ് നേടിയ ഡോ. പ്രിൻസ് കെ.മറ്റം 2017 ലെ ബാംഗ്ലൂർ അണ്ടർ 16 വനിതാ ഏഷ്യൻ ചാന്പ്യൻഷിപ്പ്, 2018 ലെ തായ്ലൻഡ് അണ്ടർ 18 പുരുഷ ഏഷ്യൻ ചാന്പ്യൻഷിപ്പ്, 2019 ലെ ബാംഗ്ലൂർ വനിതാ ഏഷ്യാ കപ്പ്, 2022 ലെ ഖത്തർ അണ്ടർ 16 പുരുഷ ഏഷ്യൻ ചാന്പ്യൻഷിപ്പ്, 2022 ലെ ഇറാൻ അണ്ടർ 18 പുരുഷ ഏഷ്യൻ ചാന്പ്യൻഷിപ്പ്, 2022 ലെ ബാംഗ്ലൂർ അണ്ടർ 18 വനിതാ ഏഷ്യൻ ചാന്പ്യൻഷിപ്പ് തുടങ്ങി അനേകം രാജ്യാന്തര മൽസരങ്ങൾ നിയന്ത്രിച്ചിട്ടുണ്ട്. അതോടൊപ്പം ഫിബ ലെവൽ 2 ബാസ്കറ്റ്ബോൾ പരിശീലകനുമാണ്.
ഇപ്പോൾ കേരള ഒളിന്പിക് അസോസിയേഷൻ വൈസ് പ്രസിഡന്റായി പ്രവർത്തിച്ചു വരുന്ന പ്രിൻസ് കെ. മറ്റം മുട്ടം സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ അസിസ്റ്റന്റ് സർജനാണ്.