കുളമാവിൽനിന്നു ബോട്ട് സർവീസ്പഠനം നടത്തണം: വികസന സമിതി
1297862
Sunday, May 28, 2023 2:36 AM IST
ഇടുക്കി: കുളമാവ് ഡാമിൽനിന്ന് ജില്ലയിലെ സമീപ പ്രദേശങ്ങളായ അഞ്ചുരുളി, അയ്യപ്പൻകോവിൽ പ്രദേശങ്ങളിലേക്ക് യാത്രാ ബോട്ട് സൗകര്യം പുനരാരംഭിക്കുന്നതു സംബന്ധിച്ച സാധ്യതകൾ പരിശോധിക്കാൻ ജില്ലാ വികസന സമിതി തീരുമാനിച്ചു. നേരത്തേ കുളമാവിൽനിന്നു യാത്രാബോട്ട് സൗകര്യമുണ്ടായിരുന്നു. പിന്നീട് സാങ്കേതിക കാരണങ്ങളാൽ സർവീസ് ഉപേക്ഷിക്കുകയായിരുന്നു. മൂന്നു ദിവസം പൊതുജനങ്ങൾക്ക് യാത്രാ സൗകര്യവും രണ്ടു ദിവസം വിനോദ സഞ്ചാരികൾക്കുമായാണ് സർവീസ് നടത്തിയിരുന്നത്.
കുളമാവിൽനിന്ന് യാത്രാ ബോട്ട് സൗകര്യം പുനരാരംഭിക്കുന്നതു സംബന്ധിച്ച വിഷയം സബ്കളക്ടർ അരുണ്‍ എസ്. നായരാണ് വികസന സമിതിയിൽ ഉന്നയിച്ചത്. സാധ്യതകൾ പരിശോധിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ കളക്ടർ കെഎസ്ഇബി ഡാം സേഫ്റ്റി എക്സിക്യൂട്ടീവ് എൻജിനിയർക്കും ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർക്കും നിർദേശം നൽകി. പദ്ധതി നടപ്പാക്കിയാൽ ഒന്നരമണിക്കൂറോളം യാത്രാസമയം ലാഭിക്കാമെന്നും പ്രകൃതിക്ഷോഭങ്ങളിൽ റോഡ് തകർന്ന് ഗതാഗതം മുടങ്ങിയാൽ സമാന്തര ഗതാഗത മാർഗമായി ഇത് ഉപയോഗിക്കാമെന്നും സബ് കളക്ടർ പറഞ്ഞു.
ജില്ലയുടെ ഗതാഗത, വിനോദസഞ്ചാര വികസനത്തിനും സർക്കാരിനു സാന്പത്തിക നേട്ടമുണ്ടാക്കാനുതുകുന്നതുമായ ഇത്തരം പദ്ധതി നിർദേശങ്ങൾ വരുന്പോൾ അവ എത്രയും വേഗം പഠിച്ച് നടപ്പാക്കാനാവശ്യമായ അനുകൂല നിലപാട് സ്വീകരിക്കാൻ ഉദ്യോഗസ്ഥർ തയാറാകണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ബിനു ആവശ്യപ്പെട്ടു.
കാഞ്ഞാർ വാട്ടർ ഷെഡ് തീം പാർക്കിന്റെ ശോച്യാവസ്ഥ പരിഹരിച്ച് പാർക്ക് നവീകരിക്കാനും യോഗം തീരുമാനിച്ചു. സാധ്യതകൾ പരിശോധിച്ച് നിർദേശം സമർപ്പിക്കാൻ ഡിടിപിസിയോട് വികസന സമിതി ആവശ്യപ്പെട്ടു.
ഇടുക്കി പാക്കേജ്
2023-24 വർഷത്തെ ഇടുക്കി പാക്കേജിലെ ഒന്നാംഘട്ട പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കാൻ ജില്ലാ കളക്ടർ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകി. ഇ-ഗവേണൻസിന്റെ ഭാഗമായി എല്ലാ സർക്കാർ ഓഫീസുകളും പേപ്പർ രഹിത ഇ-ഓഫീസ് സംവിധാനവും പഞ്ചിംഗ് സംവിധാനവും എത്രയും വേഗം ഏർപ്പെടുത്തണം. ഇതിന്റെ പുരോഗതി കളക്ടർ വിലയിരുത്തി. നിലവിൽ ജില്ലയിലെ 23 ഓഫീസുകളിൽ ഇ-ഓഫീസ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ഇ-ഓഫീസ് സംവിധാനത്തിലേക്കു മാറാൻ എല്ലാ വകുപ്പ് മേധാവികൾക്കും കളക്ടർ കർശന നിർദേശം നൽകി.മാലിന്യ മുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി എല്ലാ സർക്കാർ സ്ഥാപനങ്ങളും ഹരിത പ്രോട്ടോക്കോൾ പാലിക്കാനും നിർദേശം നൽകി.
മെഗാ ക്ലീനിംഗ്
ജൂണ്‍ ഒന്നിന് ജില്ലയിലെ സർക്കാർ ഓഫീസുകൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവ കേന്ദ്രീകരിച്ചു മെഗാ ക്ലീനിംഗ് സംഘടിപ്പിക്കും. തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിനു മുന്‍പ് വിദ്യാലയങ്ങളും പരിസരവും ശുചീകരിക്കും. സർക്കാർ ഓഫീസുകളിലെ ഇ-മാലിന്യം 31നു ശേഖരിച്ച് ക്ലീൻ കേരള കന്പനിക്ക് കൈമാറും.
ജൂണ്‍ രണ്ടിന് ജില്ലയിലെ കട്ടപ്പന, തൊടുപുഴ, കുമളി, അടിമാലി, മൂന്നാർ, നെടുങ്കണ്ടം, ചെറുതോണി എന്നിവിടങ്ങളിൽ ഹരിതകർമ സേന, കുടുംബശ്രീ, ബഹുജനസംഘടനകൾ, വ്യാപാരി വ്യവസായി സംഘടനകൾ എന്നിവയുടെ സഹകരണത്തോടെ ശുചിത്വസന്ദേശ റാലി, ഫ്ളാഷ് മോബ് എന്നിവ സംഘടിപ്പിക്കും. അഞ്ചിന് ഹരിതസഭ ചേർന്ന് വലിച്ചെറിയൽ മുക്ത പ്രഖ്യാപനവും നടത്തും.
പ്ലാസ്റ്റിക് നിരോധനം കർശനമാക്കും
പ്ലാസ്റ്റിക് മാലിന്യ വ്യാപനം നിയന്ത്രിക്കാൻ വ്യാപാര സ്ഥാപനങ്ങളിൽ റെയ്ഡ് നടത്തണമെന്നും നിരോധിച്ച പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പിടിച്ചെടുക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി കൈക്കൊള്ളണമെന്നും പഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് എം.ലതീഷ് പറഞ്ഞു.
നിരാക്ഷേപ പത്രം ലഭിക്കാത്തതിനാൽ ഏഴെണ്ണത്തിന്റെ നിർമ്മാണം തുടങ്ങാൻ സാധിച്ചിട്ടില്ലെന്നും രണ്ടെണ്ണം കോടതി നടപടികളാൽ മുടങ്ങിക്കിടക്കുന്നതായും ബാക്കിയുള്ളവ അടിയന്തരമായി പൂർത്തിയാക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നിർദേശം നൽകിയതായും ജില്ല കളക്ടറുടെ ചോദ്യത്തിന് മറുപടിയായി ശുചിത്വ മിഷൻ ജില്ലാ കോർഡിനേറ്റർ മറുപടി നൽകി.
ജില്ലയിലെ വിവിധ റോഡുകളുടെ നിർമ്മാണ പ്രവർത്തനങ്ങളൾ ആരംഭിക്കാത്തത് സംബന്ധിച്ച് വികസന സമിതിയിൽ ലഭിച്ച പരാതികളിൽ പ്രശ്നം പരിഹരിച്ച് അടിയന്തരമായി തുടർ നടപടികൾ സ്വീകരിക്കാൻ ജില്ലാ കളക്ടർ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
സർവീസിൽ നിന്നു വിരമിക്കുന്ന ജില്ലാ വിദ്യാഭ്യാസ ഡയറക്ടർ കെ.ബിന്ദു, ജില്ലാ പ്ലാനിംഗ് ഓഫീസർ സാബു വർഗീസ,് ജില്ലാ ടൂറിസം വകുപ്പ് മേധാവി ബിന്ദുമണി എന്നിവരെ യോഗത്തിൽ പൊന്നാട അണിയിച്ച് ആദരിച്ചു.