അരിക്കൊന്പൻ: സർക്കാരിനും കോടതിക്കും തെറ്റുപറ്റി-എംപി
1297852
Sunday, May 28, 2023 2:31 AM IST
തൊടുപുഴ: പ്രശ്നക്കാരനായ വന്യമൃഗത്തെ തളയ്ക്കാൻ സർക്കാരിനും കോടതിക്കും കഴിയാത്തത് ദൗർഭാഗ്യകരമാണെന്ന് ഡീൻ കുര്യാക്കോസ് എംപി. തമിഴ്നാട്ടിലെ കന്പത്ത് ടൗണിൽ പട്ടാപ്പകൽ അരിക്കൊന്പൻ അഴിഞ്ഞാടിയതിന്റെ ദുര്യോഗം കേരളത്തിലെ മൃഗസ്നേഹികൾ വരുത്തിവച്ച വിനയാണ്.
അരിക്കൊന്പൻ ഫാൻസ് അസോസിയേഷൻ എന്ന പേരിലും മറ്റും ആനപ്രേമികൾ നടത്തിയ നിയമ പോരാട്ടവും സർക്കാർ സമർദവും മൂലമാണ് ഖജനാവിൽനിന്നു ലക്ഷങ്ങൾ ചെലവഴിച്ചു നടത്തിയ ദൗത്യം പരാജയപ്പെടാൻ കാരണം. വന്യമൃഗങ്ങൾ നാട്ടിലിറങ്ങി മനുഷ്യനു നാശം വരുത്തുന്പോൾ അവയെ പിടികൂടി കൂട്ടിൽ അടയ്ക്കാത്തത് ലോകത്ത് ഒരിടത്തും അംഗീകരിക്കാനാവാത്ത നിയമമാണ്. സർക്കാരും കോടതിയും ബുദ്ധി ജീവികളുടെയും മൃഗസ്നേഹികളുടെയും വാക്കുകൾക്ക് വില കൊടുക്കുന്പോൾ സാധാരണക്കാരുടെ വാക്കുകൾക്ക് വില നൽകാതിരുന്നതാണ് നിലവിലെ പ്രശ്നത്തിനു കാരണം.
അടിയന്തരമായി പ്രശ്നം പരിഹരിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നും ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കണമെന്നും എംപി ആവശ്യപ്പെട്ടു.