പോലീസ് വാഹനം തകർത്ത കേസിൽ അച്ഛനും മകനും പിടിയിൽ
1297851
Sunday, May 28, 2023 2:31 AM IST
വണ്ണപ്പുറം: ലഹരിമരുന്നു വിൽപ്പന നടത്തുന്ന വിവരം അറിഞ്ഞെത്തിയ പോലീസിനെ തള്ളിമാറ്റുകയും കാറിന്റെ ചില്ല് എറിഞ്ഞു തകർക്കുകയും ചെയ്ത സംഭവത്തിലെ പ്രതികളെ പിടികൂടി. കുട്ടി മോട്ടോർ എന്നു വിളിക്കുന്ന കാനാപ്പറന്പിൽ നിസാർ (43), മകൻ വസിം (19) എന്നിവരാണ് പിടിയിലായത്. ഒളിവിലായിരുന്ന ഇവരെ വണ്ണപ്പുറത്തു നിന്നും ഇന്നലെ രാവിലെയാണ് പിടികൂടിയത്.
വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം. വണ്ണപ്പുറം ബൈപാസ് റോഡിൽ ലഹരി മരുന്നു വിൽപ്പന നടത്തുന്ന വിവരമറിഞ്ഞ് എസ്ഐ മാർട്ടിൻ ജോസഫും സിവിൽ പോലീസ് ഓഫീസർ ജോബിൻ ജോസഫും സ്ഥലത്തെത്തി. പോലീസ് ജീപ്പ് ഇല്ലാഞ്ഞതിനാൽ ഇവർ കാറിലാണ് എത്തിയത്. പ്രതികളുടെവാഹനം പരിശോധിക്കുന്നതിനിടെ വസീം പോലീസിനെ തള്ളിമാറ്റി വീൽ സ്പാനർ എറിഞ്ഞ് പോലീസ് എത്തിയ കാറിന്റെ ചില്ല് തകർത്തു. തുടർന്ന് പ്രതികൾ ഓടി രക്ഷപ്പെട്ടു.
എസ്എച്ച്ഒ എച്ച്.എൽ.ഹണി, എസ്ഐ മാർട്ടിൻ ജോസഫ്, സീനിയർ സിവിൽ പോലീസ്ഓഫീസർമാരായ മുഹമ്മദ്അൻസാർ, വിനോദ്, സിവിൽ പോലീസ് ഓഫീസർ സുനിൽ കുമാർ, അനീഷ് സത്താർ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.