ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി
1297850
Sunday, May 28, 2023 2:27 AM IST
തൊടുപുഴ: ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് തൂങ്ങിമരിച്ചു. ഉണ്ടപ്ലാവ് തിമ്മലിൽ ഇസ്മായിൽ (64), ഭാര്യ ഹലീമ (56) എന്നിവരാണ് മരിച്ചത്. ഹലീമയുടെ മൃതദേഹം മുറിക്കുള്ളിൽ നിലത്തുകിടക്കുന്ന നിലയിലും ഇസ്മായിലിനെ അടുക്കളയിൽ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്. വഴക്കിനിടെ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഇസ്മായിൽ തൂങ്ങിമരിച്ചതാണെന്ന നിഗമനത്തിലാണ് പോലീസ്.
സംഭവസമയത്ത് മറ്റാരും വീട്ടിലുണ്ടായിരുന്നില്ല. ജലഅഥോറിട്ടിയിൽ ജോലിയുള്ള മകൻ മാഹിൻ ഡ്യൂട്ടി കഴിഞ്ഞ് ഇന്നലെ രാവിലെ പത്തോടെ വീട്ടിലെത്തിയപ്പോൾ വീട് അകത്തുനിന്നും പൂട്ടിയ നിലയിലായിരുന്നു. ജനൽ തുറന്നുനോക്കിയപ്പോൾ മാതാവ് നിലത്തുമരിച്ചുകിടക്കുന്നതായി കണ്ടെത്തി. വാതിൽ ചവിട്ടിതുറന്ന് അകത്തുകയറിയപ്പോഴാണ് ഇസ്മായിലിനെ തൂങ്ങിമരിച്ചനിലയിലും കണ്ടെത്തിയത്.
നാട്ടുകാർ വിവരമറിയിച്ചതനുസരിച്ച് പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. തൊടുപുഴ ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം വിട്ടുകൊടുത്ത മൃതദേഹങ്ങൾ കബറടക്കി. നേരത്തെ മുളപ്പുറം കോട്ടക്കവലയിലായിരുന്ന ഇവർ അവിടെനിന്നു സ്ഥലം വിറ്റാണ് ഉണ്ടപ്ലാവിൽ താമസമാക്കിയത്. മകൾ: ജംല.