ജില്ലയിലെ വന്യമൃഗശല്യം: ഉന്നതതല യോഗം ചേർന്നു
1297843
Sunday, May 28, 2023 2:27 AM IST
ഇടുക്കി: ജില്ലയിൽ വന്യമൃഗശല്യം രൂക്ഷമായ സാഹചര്യത്തിൽ ജനങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകളും അവ പരിഹരിക്കുന്നതിനുള്ള മാർഗങ്ങളും വിലയിരുത്തുന്നതിനും തുടർനടപടികൾ തീരുമാനിക്കുന്നതിനുമായി ജില്ലയിലെ ജനപ്രതിനിധികളുടെയും രാഷ്ട്രീയപാർട്ടികളുടെയും വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗം ജില്ലാ പഞ്ചായത്തിൽ ചേർന്നു.
അപകടകാരികളായ വന്യമൃഗങ്ങൾ ജനവാസ കേന്ദ്രങ്ങളിൽ പ്രവേശിക്കുന്നത് തടയുന്നതിന് ഫെൻസിംഗ്, ട്രെഞ്ചിംഗ്, ഹാംഗിംഗ് ഫെൻസ് തുടങ്ങിയവ സ്ഥാപിക്കുന്നതിനു വിശദമായ പദ്ധതി തയാറാക്കി അംഗീകാരത്തിനായി സമർപ്പിച്ചതായി സിസിഎഫ് ആർ.എസ്.അരുണ്‍ അറിയിച്ചു.
വന്യമൃഗശല്യം മൂലം ജില്ല നേരിടുന്ന ഗുരുതര സാഹചര്യം പരിഗണിച്ച് കാര്യക്ഷമമായ നടപടികൾ സ്വീകരിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ബിനു ആവശ്യപ്പെട്ടു. ഇതിനായി സർക്കാർ സഹായത്തോടെ ദീർഘകാല, ഹ്രസ്വകാല പദ്ധതികൾ ഏറ്റെടുക്കുന്നതിനും ഇടുക്കി പാക്കേജിൽ 10 കോടി രൂപ ഉൾപ്പെടുത്തുന്നതിനുള്ള നടപടി സ്വീകരിക്കാനും യോഗം തീരുമാനിച്ചു.
ജില്ലാതലത്തിലും പ്രാദേശിക തലത്തിലും മോണിട്ടറിംഗ് സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതിനും മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും വനംവകുപ്പിന്റെയും സഹകരണത്തോടെ സാധ്യമായ പ്രവർത്തനങ്ങൾ നടത്താനും യോഗം തീരുമാനിച്ചു.