ന്യൂമാനിൽ ഒബ്സ്റ്റക്കിൾ കോഴ്സ് ട്രെയിനിംഗ് കോംപ്ലക്സ് ഉദ്ഘാടനം
1297841
Sunday, May 28, 2023 2:27 AM IST
തൊടുപുഴ: വജ്രജൂബിലി വർഷത്തിൽ വിദ്യാർഥികളുടെ പരിശീലനത്തിനായി ന്യൂമാൻ കോളജിൽ ഒബ്സ്റ്റക്കിൾ കോഴ്സ് ട്രെയിനിംഗ് കോംപ്ലക്സ് ആരംഭിക്കുമെന്ന് പ്രിൻസിപ്പൽ ഡോ.ബിജിമോൾ തോമസ് പത്രസമ്മേളനത്തിൽ അറിയിച്ചു. കോംപ്ലസിന്റെ ഉദ്ഘാടനം മാർ ജോർജ് മഠത്തിക്കണ്ടത്തിലിന്റെ സാന്നിധ്യത്തിൽ നാളെ 10.30ന് എൻസിസി കേരള-ലക്ഷദ്വീപ് മേധാവി മേജർ ജനറൽ അലോക് ബേരി നിർവഹിക്കും.
എൻസിസി കോട്ടയം ഗ്രൂപ്പ് കമാൻഡർ ബ്രിഗേഡിയർ ബിജു ശാന്തറാം, നഗരസഭാ ചെയർമാൻ സനീഷ് ജോർജ്, മാനേജർ മോണ്‍. പയസ് മലേക്കണ്ടത്തിൽ, 18 കേരള കമാൻഡിംഗ് ഓഫീസർ കേണൽ ലാൻസ് ഡി റോഡ്രിഗസ്, പൂർവവിദ്യാർഥി കേണൽ ആസാദ് എന്നിവർ പ്രസംഗിക്കും.
എൻസിസി കേഡറ്റുകൾക്ക് ഉയർന്ന പരിശീലനത്തിനുള്ള അവസരമാണ് പദ്ധതിയിലൂടെ ലഭ്യമാകുന്നത്. കോളജ് കാന്പസിനോടു ചേർന്നുള്ള മൂന്നേക്കറോളം സ്ഥലത്ത് സ്ട്രൈറ്റ് ബാലൻസ്, ക്ലിയർ ജംപ്, ഗേറ്റ് വാൾട്ട്, സിഗ്സാഗ്, ഡബിൾ ഡിച്ച്, റാന്പ്, റൈറ്റ്ഹാൻഡ്, ലെഫ്റ്റ്ഹാൻഡ് വാൾട്ട്, ഫീറ്റ് വാൾ എന്നീ പരിശീലന സംവിധാനങ്ങളാണ് ഒരുങ്ങുന്നത്.
എൻസിസി കരസേനാ വിഭാഗത്തിന്റെ പരമോന്നത ക്യാന്പായ തൽ സൈനിക് ക്യാന്പിലെ പ്രധാന മത്സര ഇനമാണ് ഒബ്സ്റ്റക്കിൾ കോഴ്സ് ട്രെയിനിംഗ്. സായുധ സേനയിലേക്കുള്ള പ്രവേശനത്തിന് അഡ്വഞ്ചർ പരിശീലനത്തിനും ഏറെ സഹായകരമാണ് ഈ പദ്ധതി. പത്രസമ്മേളനത്തിൽ കോളജ് ബർസാർ ഫാ.ഏബ്രഹാം നിരവത്തിനാൽ, എൻസിസി ഓഫീസർ ക്യാപ്റ്റൻ പ്രജീഷ് സി.മാത്യു എന്നിവരും പങ്കെടുത്തു.