ആർട്ട് ഓഫ് ലിവിംഗ് ക്യാന്പിൽ മർദനം: യുവാവ് പിടിയിൽ
1297537
Friday, May 26, 2023 11:04 PM IST
തൊടുപുഴ: ആർട്ട് ഓഫ് ലിവിംഗ് ക്യാന്പിലെത്തി യുവാവിനെ മർദിച്ചയാൾ പിടിയിൽ. ഇടവെട്ടി വടക്കയിൽ ഇമ്രാൻ ഹബീബിനെ (18) ആണ് തൊടുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. വെന്പിള്ളി സ്വദേശിയായ യുവാവിന്റെ പരാതിയിലാണ് നടപടി.
വ്യാഴാഴ്ച വൈകുന്നേരമായിരുന്നു സംഭവം. തൊടുപുഴ ആനക്കൂടുള്ള സ്വകാര്യ സ്കൂളിലായിരുന്നു ക്യാന്പ്.
തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾക്കു മാത്രമായിരുന്നു പ്രവേശനം. വൈകുന്നേരങ്ങളിൽ ഇവരുടെ രക്ഷിതാക്കളെയും പ്രവേശിപ്പിക്കും.
ഇമ്രാൻ തന്റെ പെണ്‍സുഹൃത്തിനെ കാണാനാണ് ക്യാന്പിൽ കയറിയതെന്നു പോലീസ് പറഞ്ഞു. ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കവേ സമീപമിരുന്ന ക്യാന്പ് വോളന്റിയറായ വെന്പിള്ളി സ്വദേശിയായ 19കാരനുമായി തർക്കത്തിലാവുകയും പാത്രമുപയോഗിച്ച് മുഖത്തടിക്കുകയുമായിരുന്നു.
പ്രതിയെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. നാലു മാസം മുന്‍പ് നാട്ടുകാരനായ ഒരാളെ അകാരണമായി ആക്രമിച്ചതിന്റെ പേരിലും ഇയാൾക്കെതിരേ കേസെടുത്തിരുന്നു.