പിഎം കിസാൻ പദ്ധതി: നടപടി പൂർത്തിയാക്കണം
1297536
Friday, May 26, 2023 11:04 PM IST
തൊടുപുഴ: പിഎം കിസാൻ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതിനായി ഗുണഭോക്താക്കൾ 31നു മുന്പായി നടപടികൾ പൂർത്തീകരിക്കണം. കർഷകർ അവരുടെ ബാങ്ക് അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കണം. അടുത്തുള്ള പോസ്റ്റ് ഓഫീസിലെ ഇന്ത്യൻ പോസ്റ്റൽ പേയ്മെന്റ് ബാങ്ക് മുഖേന ആധാർ ലിങ്ക് ചെയ്ത അക്കൗണ്ടുകൾ ആരംഭിക്കണം. ഇതിനായി ഇന്ന് പ്രത്യേക കാന്പയിൻ സംഘടിപ്പിക്കും. കർഷകൻ ആധാർ കാർഡും മൊബൈൽ ഫോണുമായി അടുത്തുളള പോസ്റ്റ് ഓഫീസിൽ എത്തണം.
രജിസ്റ്റർ ചെയ്ത കർഷകർക്ക് ഇ-കെവൈസി നിർബന്ധമാക്കിയിട്ടുണ്ട്. അതിനാൽ എല്ലാ ഗുണഭോക്താക്കളും പദ്ധതി ആനുകൂല്യം തടസമില്ലാതെ ലഭിക്കുന്നതിനായി ആധാർ കാർഡും മൊബൈൽ ഫോണുമായി നേരിട്ട് പിഎം കിസാൻ പോർട്ടൽ വഴിയോ, അക്ഷയ, സിഎസ് സി തുടങ്ങിയ ജനസേവന കേന്ദ്രങ്ങൾ വഴിയോ ഇകെവൈസി ചെയ്യുന്നതിനായി കേന്ദ്ര സർക്കാർ തയാറാക്കിയിട്ടുളള ആൻഡ്രോയിഡ് ആപ്ലിക്കേഷൻ വഴിയോ ചെയ്യണം.
റവന്യു വകുപ്പിന്റെ റീലിസ് പോർട്ടലിൽ ഉള്ള ഗുണഭോക്താക്കൾ അവരുടെ സ്വന്തം കൃഷി ഭൂമിയുടെ വിവരങ്ങൾ സമർപ്പിക്കണം. ആനുകൂല്യം തുടർന്ന് ലഭ്യമാകുന്നതിനായി കൃഷി വകുപ്പിന്റെ എയിംസ് പോർട്ടിലിൽ സ്വന്തം പേരിലുളള ഭൂമിയുടെ വിവരങ്ങൾ നേരിട്ടോ, അക്ഷയ, പൊതുസേവന കേന്ദ്രങ്ങൾ വഴിയോ ചേർക്കണം. റീലിസ് പോർട്ടലിൽ ഭൂമി സംബന്ധിച്ച് വിവരങ്ങൾ ഇല്ലാത്തവർ, റിലീസ് പോർട്ടലിൽ ഭൂമി വിവരങ്ങൾ ഉണ്ടെങ്കിലും ഇതുവരെ നൽകാൻ സാധിക്കാത്തവർ, ഓണ്ലൈൻ സ്ഥലവിവരം നൽകാൻ കഴിയാത്തവർ എന്നിവർ അപേക്ഷ, 2018 മുതലുള്ള കരമടച്ച രസീത് എന്നിവ നേരിട്ട് കൃഷിഭവനിൽ നൽകി ഭൂമി സംബന്ധിച്ച വിവരങ്ങൾ പിഎം കിസാൻ പോർട്ടലിൽ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് അടുത്തുളള കൃഷിഭവനുമായി ബന്ധപ്പെടണം. ടോൾഫ്രീ നന്പർ : 18004251661.