പൊതുശ്മശാന വിഷയം രാഷ്ട്രീയവത്കരിക്കുന്നു: നഗരസഭാ ഭരണസമിതി
1297529
Friday, May 26, 2023 11:03 PM IST
കട്ടപ്പന: ഇരുപതേക്കർ പൊതുശ്മശാന വിവാദത്തിൽ മറുപടിയുമായി നഗരസഭ ഭരണസമിതി. വിഷയം രാഷ്ട്രീയവത്കരിക്കുന്നുവെന്ന് അധ്യക്ഷ ഷൈനി സണ്ണി പറഞ്ഞു. മനുഷ്യത്വപരമായി ചിന്തിച്ചതുകൊണ്ടാണ് ക്രിമിറ്റോറിയം പ്രവർത്തനരഹിതമായിട്ടും മൃതദേഹങ്ങൾ സംസ്കരിക്കാൻ അനുമതി നൽകിയത്.
വ്യാഴാഴ്ചയാണ് പൊതുശ്മശാനവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് തുടക്കമായത്. ആറു മാസമായി ശ്മശാനം അടഞ്ഞുകിടക്കുകയാണെന്ന വാദം അടിസ്ഥാനരഹിതമാണെന്നും കഴിഞ്ഞ മാർച്ചിലും ശ്മശാനത്തിൽ മൃതദേഹം സംസ്കരിച്ചതിനുള്ള രേഖകൾ നഗരസഭയിൽ ഉണ്ടെന്നും വൈസ് ചെയർമാൻ ജോയി ആനിത്തോട്ടം അറിയിച്ചു.
ക്രിമിറ്റോറിയം അറ്റകുറ്റപ്പണികൾക്കായി അഞ്ചു ലക്ഷം രൂപയും ജലസൗകര്യത്തിന് കുഴൽക്കിണർ നിർമിക്കുന്നതിന് ഒന്നര ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ടെന്നും ഭരണസമിതി വ്യക്തമാക്കി. ഡിപിസി അംഗീകാരത്തിനെടുത്ത സ്വാഭാവിക കാലതാമസം മാത്രമാണ് ഇക്കാര്യത്തിൽ ഉണ്ടായിട്ടുള്ളതെന്നും ഭരണസമിതി വിശദീകരിച്ചു.