ലഹരിവില്പനക്കാർ പോലീസ് വാഹനത്തിന്റെ ചില്ല് തകർത്തു
1297527
Friday, May 26, 2023 11:03 PM IST
വണ്ണപ്പുറം: ലഹരിവില്പന നടത്തുന്നതറിഞ്ഞ് സ്ഥലത്തെത്തിയ പോലീസിന്റെ കാറിന്റെ ചില്ല് ലഹരിവില്പനക്കാർ എറിഞ്ഞു പൊട്ടിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് 1.30 ഓടെയായിരുന്നു സംഭവം. വണ്ണപ്പുറം ബൈപാസ് റോഡിൽ ലഹരിവില്പന നടക്കുന്നുവെന്ന വിവരം ലഭിച്ചതിനെത്തുടർന്നാണ് പോലീസ് എത്തിയത്.
പോലീസ് വാഹനം സ്ഥലത്തില്ലാതിരുന്നതിനാൽ കാളിയാർ എസ്ഐ മാർട്ടിൻ ജോസഫ്, സിവിൽ പോലീസ് ഓഫീസർ ജോബിൻ ജോസഫ് എന്നിവർ സ്വകാര്യ കാറിലാണ് സ്ഥലത്തെത്തിയത്.
ഇതിനിടെ, ലഹരിവില്പന നടത്തിയ കാനാപ്പറന്പിൽ വസിം, ഇയാളുടെ പിതാവ് നിസാർ എന്നിവരുടെ വാഹനം പോലീസ് പരിശോധിച്ചു. ഇതിനിടെ വസിം പോലീസുമായി വാക്കുതർക്കത്തിലേർപ്പെടുകയും പോലീസിനെ തള്ളിമാറ്റി വീൽസ്പാനർകൊണ്ട് ഇവരെത്തിയ കാറിന്റെ ചില്ല് തകർക്കുകയുമായിരുന്നു. പിന്നീട് സ്ഥലത്തുനിന്നു പ്രതികൾ ഓടി രക്ഷപ്പെട്ടു. ഇവർക്കെതിരേ കാളിയാർ പോലീസ് കേസെടുത്തു. പ്രതികളെ പിടികൂടാനുള്ള ശ്രമം ആരംഭിച്ചതായി കാളിയാർ സിഐ എച്ച്.എൽ. ഹണി പറഞ്ഞു