ലഹരിഹബ്ബായി തൊടുപുഴ; കർശന പരിശോധനയുമായി പോലീസ്
1297525
Friday, May 26, 2023 11:03 PM IST
തൊടുപുഴ: പോലീസിന്റെ ലഹരിവിരുദ്ധ പരിശോധനയിൽ കഴിഞ്ഞ ദിവസം പിടിയിലായത് ആറു യുവാക്കൾ. ടൗണിന്റെ വിവിധ ഭാഗങ്ങളിൽനിന്നാണ് എംഡിഎംഎയും കഞ്ചാവും ഉപയോഗിച്ച യുവാക്കൾ ഡിവൈഎസ്പി എം.ആർ. മധുബാബുവിന്റെ നേതൃത്വത്തിലുള്ള സ്ക്വാഡിന്റെ പിടിയിലായത്. വ്യാപകമായ തോതിൽ മയക്കുമരുന്ന് എത്തുന്ന തൊടുപുഴ മേഖലയെ ലഹരിവിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പോലീസ് ക്ലീൻ തൊടുപുഴയെന്ന പേരിൽ വ്യാപക പരിശോധന തുടരുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി നടത്തിയ പരിശോധനയിൽ 34 യുവാക്കളാണ് ഇതിനോടകം പോലീസിന്റെ പിടിയിലായത്.
തൊടുപുഴ മങ്ങാട്ടുകവല മാവിൻചുവട് പെരുനിലത്ത് അൽത്താഫ് അനസ് (19), തൊടുപുഴ ഈസ്റ്റ് ഒറ്റിത്തോട്ടത്തിൽ ആദിൽ റഫീക് (18), മുള്ളരിങ്ങാട് പുത്തൻപുരയ്ക്കൽ അക്ഷയ് രഘു (24), കിരിക്കോട് ഉള്ളാടംപറന്പിൽ സാലു ഷെരീഫ് (18), രണ്ടുപാലം കൂടാലപ്പാട്ട് സഞ്ജയ് സജി (25), കാളിയാർ മുള്ളൻകുത്തി തുരുത്തേൽ അശ്വിൻ രാജു (20) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
പിടിയിലായത് ലഹരി
ഉപയോഗത്തിനിടെ
രണ്ടുപാലം ഷാപ്പുംപടി, പുഴയോരം ഭാഗങ്ങളിൽനിന്നാണ് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തത്. രണ്ടുപാലത്തെ വീട്ടിൽനിന്നു ഗൃഹനാഥ ചികിത്സയ്ക്കായി ഒരാഴ്ച പോയപ്പോൾ മകൻ സൃഹൃത്തുക്കളുമായി ചേർന്ന് കഞ്ചാവ് ഉപയോഗിക്കുന്നതായി പരിസരവാസികൾ പോലീസിനു നൽകിയ വിവരത്തെത്തുടർന്നാണ് മൂന്നു പേർ അറസ്റ്റിലായത്.
അറസ്റ്റിലാകുന്ന യുവാക്കളിൽ ഏറിയ പേരും പ്രണയനൈരാശ്യവും വീട്ടിലെ മാതാപിതാക്കളുടെ കാർക്കശ്യവും ഇഷ്ടമില്ലാത്ത വിഷയം പഠിക്കുന്നതു കൊണ്ടുള്ള ദേഷ്യവും മാനസിക സമ്മർദ്ദവുമാണ് മയക്കുമരുന്ന് ഉപയോഗിക്കുവാനുള്ള കാരണമായി പോലീസിനോട് പറഞ്ഞത്.
നടുക്കുന്ന കാഴ്ചകൾ
ലഹരിവിരുദ്ധ പ്രവർത്തനത്തിന്റെ ഭാഗമായി മുത്താരംകുന്ന് ഭാഗത്തുനിന്നു പെരുന്പള്ളിച്ചിറയ്ക്ക് പോകുന്ന റോഡിൽ രാത്രി 10നു ശേഷം സ്വകാര്യവാഹനത്തിൽ സഞ്ചരിച്ചപ്പോൾ കണ്ടത് വിശ്വസിക്കാനാവാത്ത കാഴ്ചകളെന്ന് പോലീസ്. ഒറ്റപ്പെട്ട സ്ഥലത്ത് ബൈക്ക് വച്ച് ലഹരിയുടെ ആധിക്യത്തിൽ കിടന്നുറങ്ങുന്നവരെയും കൂട്ടമായി മരത്തിൻചുവട്ടിലിരുന്നു ലഹരി ഉപയോഗിക്കുന്ന പെണ്കുട്ടികളെയും അസ·ാർഗിക പ്രവർത്തനം നടത്തുന്നവരെയും കണ്ടെത്തിയെന്നു പോലീസ് പറയുന്നു.
ചികിത്സ നൽകും
മയക്കുമരുന്നിന് അടിമകളായ യുവതീയുവാക്കളെ ലഹരിമോചന കേന്ദ്രത്തിൽ എത്തിച്ച് ചികിത്സ നൽകാനുള്ള ക്രമീകരണങ്ങൾ ചെയ്യുമെന്ന് ഡിവൈഎസ്പി എം.ആർ. മധുബാബു പറഞ്ഞു.
മയക്കുമരുന്ന് പരിശോധന തുടരുന്നതോടൊപ്പം ലഹരിയുടെ പിടിയിൽനിന്നു യുവജനതയെ രക്ഷിക്കാനാണ് ശ്രമം. ലഹരിയിൽനിന്നു മുക്തരാകാൻ സ്വയം തീരുമാനിക്കുകയും ആഗ്രഹിക്കുകയും ചെയ്യുന്ന യുവാക്കളെയാണ് ലഹരിമോചന കേന്ദ്രത്തിൽ എത്തിക്കുന്നത്.