ഇടുക്കി മിടുമിടുക്കി
1297288
Thursday, May 25, 2023 11:04 PM IST
തൊടുപുഴ: പ്ലസ്ടു പരീക്ഷയിലെ വിജയശതമാനത്തിൽ മുൻ വർഷത്തെ അപേക്ഷിച്ച് ഇക്കുറി ജില്ലയ്ക്കു മിന്നും ജയം. 84.57 ശതമാനമാണ് ഇത്തവണത്തെ വിജയം. കഴിഞ്ഞ തവണത്തേക്കാൾ മൂന്നു ശതമാനം വർധന. വിജയ ശതമാനത്തിൽ സംസ്ഥാനത്ത് അഞ്ചാം സ്ഥാനവും ജില്ലയ്ക്കാണ്. ഇത്തവണ 10,181 പേർ പരീക്ഷയെഴുതിയതിൽ 8,610 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. ഇതിൽ 1,027 പേർക്ക് ഫുൾ എ പ്ലസ് ലഭിച്ചു.
ടെക്നിക്കൽ
ടെക്നിക്കൽ വിഭാഗത്തിൽ 72.99 ശതമാനമാണ് വിജയം. പരീക്ഷയെഴുതിയ 174 പേരിൽ 127 പേർ ഉപരിപഠനത്തിനു യോഗ്യത നേടി. ഒന്‍പതു പേർക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു. ഓപ്പണ്‍ സ്കൂൾ വിഭാഗത്തിൽ 46.18 ശതമാനം പേർ വിജയിച്ചു. പരീക്ഷയെഴുതിയ 275 പേരിൽ 127 പേർ ഉപരിപഠനത്തിന് അർഹരായി. രണ്ടുപേർ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി. വിഎച്ച്എസ്ഇയിൽ 71.24 ശതമാനമാണ് വിജയം. 1,036 പേർ പരീക്ഷയെഴുതിയതിൽ 738 പേർ ഉപരിപഠന യോഗ്യത നേടി.
നൂറുമേനി
മൂന്നാർ മോഡൽ റസിഡൻഷ്യൽ സ്കൂൾ , അട്ടപ്പള്ളം സെന്റ് തോമസ് ഇഎംഎച്ച്എസ്എസ്, ചെമ്മണ്ണാർ സെന്റ് സേവ്യേഴ്സ് എച്ച്എസ്എസ് എന്നീ സ്കൂളുകളിൽ നൂറുമേനിയുടെ തിളക്കം സ്വന്തമാക്കി. വാഴവര ഗവ.എച്ച്എസ്എസിലാണ് ഏറ്റവും കുറവ് വിജയം. ഇവിടെ 25 ശതമാനമാണ് വിജയം. വാഴത്തോപ്പ് സെന്റ് ജോർജ് എച്ച്എസ്എസിലെ അഡോണ ജസ്റ്റിൻ, എൻആർസിറ്റി എസ്എൻവി എച്ച്എസ്എസിലെ നേഹ വിനോദ് എന്നിവർക്കു മുഴുവൻ മാർക്കും ലഭിച്ചു. കഴിഞ്ഞ തവണ കുമളി അട്ടപ്പള്ളം സെന്റ് തോമസ് ഇ എംഎച്ച്എസ്എസിൽ മാത്രമായിരുന്നു നൂറുമേനി വിജയം.
10,513 പേരാണ് പരീക്ഷയെഴുതിയത്. ഇതിൽ 8,561 പേർ ഉപരിപഠനത്തിനു യോഗ്യത നേടിയിരുന്നു. 703 പേർക്കായിരുന്നു എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചത്. വിഎച്ച്എസ്ഇ, ടെക്നിക്കൽ, ഓപ്പണ്‍ സ്കൂൾ വിഭാഗങ്ങളിൽ യഥാക്രമം 68.97, 46, 52 എന്നിങ്ങനെയായിരുന്നു കഴിഞ്ഞ തവണത്തെ വിജയ ശതമാനം.