കിഴുകാനം കള്ളക്കേസ് : പ്രതികളെ അറസ്റ്റ് ചെയ്തില്ല; ആദിവാസി യുവാവ് മരത്തിൽ കയറി ആത്മഹത്യാഭീഷണി മുഴക്കി
1297271
Thursday, May 25, 2023 10:42 PM IST
ഉപ്പുതറ: കാട്ടിറച്ചി വില്പന നടത്തിയെന്നാരോപിച്ച് കള്ളക്കേസിൽ കുടുക്കിയ വനം വകുപ്പ് ഉദ്യോഗസ്ഥരെ അറസ്റ്റു ചെയ്യാത്തതിൽ പ്രതിഷേധിച്ച് ആദിവാസി യുവാവ് ഫോറസ്റ്റ് സ്റ്റേഷനു മുന്നിലെ മരത്തിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കി. രണ്ടു ദിവസത്തിനകം നടപടി ഉണ്ടാകുമെന്ന അധികൃതരുടെ ഉറപ്പിൽ ആറു മണിക്കൂർ നേരത്തേ അനുനയ ശ്രമിത്തിനൊട്ടുവിലാണ് യുവാവിനെ താഴെയിറക്കിയത്.
കണ്ണംപടി മുല്ല ആദിവാസി കുടിയിലെ പുത്തൻ പുരയ്ക്കൽ സരുൺ സജിയാണ് വ്യാഴാഴ്ച രാവിലെ 9.30ഓടെ കിഴുകാനം ഫോറസ്റ്റ് സ്റ്റേഷനു മുന്നിലെ ഉയരം കൂടിയ പ്ലാവിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്. കുറ്റക്കാരായ ഉദ്യോഗസ്ഥരെ സർവീസിൽ തിരിച്ചെടുത്തതിലും പട്ടികവർഗ പീഡന നിരോധന നിയമ പ്രകാരം പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഉദ്യോഗസ്ഥരെ അറസ്റ്റു ചെയ്യാത്തതിലുമായിരുന്നു സരുണിന്റെ പ്രതിഷേധം. മരക്കൊമ്പിൽ കെട്ടിയ കയറിന്റെ അറ്റം കഴുത്തിൽ കുടുക്കിയ ശേഷമായിരുന്നു സരുൺ മരത്തിനു മുകളിൽ നിലയുറപ്പിച്ചത്. സ്ഥലത്തെത്തിയ ഉപ്പുതറ പഞ്ചായത്തു പ്രസിഡന്റ് കെ.ജെ .ജയിംസ്, പഞ്ചായത്തംഗം ഷീബ സത്യനാഥ്, സി ഐ ഇ. ബാബു, വില്ലേജ് ഓഫീസർ പി. അജ്ഞലി എന്നിവർ ഉന്നത റവന്യൂ, പോലീസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടു. ഇതിനിടയിൽ എസ്. വരുണിന്റെ നേതൃത്വത്തിലുള്ള കട്ടപ്പന അഗ്നിശമന സേനാംഗങ്ങളും ബന്ധുക്കളും സുഹൃത്തുക്കളും സരുണിനെ അനുനയിപ്പിക്കാൻ ശ്രമം നടത്തിക്കൊണ്ടിരുന്നു. വെള്ളവും ഭക്ഷണവും എത്തിച്ചു നൽകാമെന്ന് ഫയർ ഫോഴ്സ് ആവർത്തിച്ചു കൊണ്ടിരുന്നെങ്കിലും സരൂൺ നിഷേധിച്ചു. ആരെങ്കിലും കയറി വന്നാൽ താഴേക്ക് ചാടുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തു.
രണ്ടരയോടെ ഇടി വെട്ടി മഴ പെയ്തപ്പോഴും താഴെയിറങ്ങാൻ എല്ലാവരും ആവശ്യപ്പെട്ടെങ്കിലും സരുൺ വഴങ്ങാതെ ശക്തമായ മഴ നനഞ്ഞ് മരത്തിനു മുകളിൽ നിലയുറപ്പിച്ചു. രണ്ടു ദിവസത്തിനകം കുറ്റക്കാരായ ഉദ്യോഗസ്ഥരെ അറസ്റ്റു ചെയ്യുമെന്നും പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടന്നും മൂന്നരയോടെ പീരുമേട് ഡിവൈഎസ്പി ജെ . കുര്യാക്കോസ് ഉറപ്പു നൽകി. തുടർന്ന് പഞ്ചായത്തു പ്രസിഡന്റും ഉദ്യോഗസ്ഥരും ഊരുമൂപ്പൻമാർ , സമരസമിതി ചെയർമാൻ എൻ.ആർ. മോഹനൻ, സരുണിന്റെ ബന്ധുക്കൾ എന്നിവരുമായി ചർച്ച നടത്തി എല്ലാവരും ചേർന്ന് സരുണിനെ വിവരം അറിയിച്ചു.
അറസ്റ്റുണ്ടായില്ലങ്കിൽ നിയമ- സമര നടപടി സ്വീകരിക്കാൻ എല്ലാവരും ഒപ്പമുണ്ടാകുമെന്ന ഉറപ്പും നൽകി. ഫയർ ഫോഴ്സിന്റെ സഹായത്തോടെ സരുൺ താഴെയിറങ്ങി. 2022 നവംബർ 20 നാണ് കഴുകാനംഫോറസ്റ്റർ അനിൽ കുമാറും സംഘവും സ്ഥലത്തില്ലായിരുന്ന സരുണിനെ വിളിച്ചു വരുത്തി അറസ്റ്റു ചെയ്തത്. 10 ദിവസം ജയിലിൽ കഴിഞ്ഞ സരുണും കുടുംബവും നിരാഹാരം തുടങ്ങിയതോടെ വനം വകുപ്പ് നടത്തിയ ഉന്നതതല അന്വേഷണത്തിൽ കേസ് കെട്ടിച്ചമച്ചതാണെന്നു തെളിഞ്ഞു തുടർന്ന് ഡിഎഫ്ഒ ഉൾപ്പടെ ഏഴ് ഉദ്യോഗസ്ഥരെ സസ്പൻഡു ചെയ്തു. പിടിച്ചെടുത്ത ഇറച്ചി കാട്ടുമൃഗത്തിന്റേതല്ലന്നും തെളിഞ്ഞു.
എന്നാൽ ഉദ്യോഗസ്ഥരെ സർവീസിൽ തിരിച്ചെടുക്കുകയും, സരുൺ നൽകിയ പരാതിയിൽ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഉദ്യോഗസ്ഥരെ സഹായിക്കുന്ന നിലപാടാണ് ഇതുവരെയുണ്ടായത്.