എല്ലാവർക്കും ആരോഗ്യ സംരക്ഷണം ഉറപ്പാക്കും: മന്ത്രി വീണാ ജോർജ്
1297270
Thursday, May 25, 2023 10:42 PM IST
ഇടുക്കി: എല്ലാവർക്കും ആരോഗ്യസംരക്ഷണം ഉറപ്പാക്കുക എന്നതാണ് സർക്കാർ നയമെന്ന് മന്ത്രി വീണാ ജോർജ്. ഇടമലക്കുടിയിൽ ആരംഭിച്ച കുടുംബാരോഗ്യ കേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. മികച്ച ചികിത്സയും ആരോഗ്യ സേവനവും ജനങ്ങളുടെ അവകാശമാണെന്ന സർക്കാർ നയത്തിന്റെ ഭാഗമായാണ് ഇടമലക്കുടിയിൽ കുടുംബാരോഗ്യ കേന്ദ്രം സ്ഥാപിച്ചത്.
ഇടമലക്കുടിയിലെ കുട്ടികൾ മുതൽ പ്രായമായവർവരെ എല്ലാവരുടെയും ആരോഗ്യം സർക്കാരിന് പ്രധാനമാണ്. അതുകൊണ്ടാണ് സംസ്ഥാനത്ത് തന്നെ ആദ്യമായി 16 സ്ഥിരം തസ്തികകൾ സൃഷ്ടിച്ച് ഇടമലക്കുടിയിൽ കുടുംബാരോഗ്യ കേന്ദ്രവും ചട്ടമൂന്നാറിൽ പ്രാഥമികാരോഗ്യവും സ്ഥാപിച്ചത്.18.5 കോടി ചെലവിൽ ഇടമലക്കുടിയിലേക്കുള്ള റോഡ് നിർമാണവും 29ന് ആരംഭിക്കുന്നതോടെ ഇവിടേയ്ക്കുള്ള യാത്രാക്ലേശവും പരിഹരിക്കപ്പെടുമെന്നു മന്ത്രി പറഞ്ഞു. എ.രാജ എംഎൽഎ അധ്യക്ഷത വഹിച്ചു.
രാവിലെ ഏഴിന് മൂന്നാറിൽനിന്ന് യാത്ര തിരിച്ച മന്ത്രി 11 ഓടെയാണ് ദുർഘട പാത താണ്ടി ഇടമലക്കുടിയിലെത്തിയത്. ഇഡലിപ്പാറക്കുടിയിലെ സ്കൂൾ മുറ്റത്ത് ഗ്രോതസമൂഹത്തിന്റെ സ്വീകരണം ഏറ്റുവാങ്ങിയാണ് മന്ത്രി സന്ദർശനം ആരംഭിച്ചത്. തുടർന്ന് കുടിയിലെ എൽപി സ്കൂളും അങ്കണവാടിയും സന്ദർശിച്ച മന്ത്രി സ്ത്രീകൾക്കും കുട്ടികൾക്കുമൊപ്പം ഏറെ നേരം ചെലവഴിച്ചു. കുട്ടികളോട് പഠനത്തെ സംബന്ധിച്ച വിവരങ്ങളും ചോദിച്ചറിഞ്ഞു. കുടിയിൽനിന്നും ഉച്ചഭക്ഷണം കഴിച്ചാണ് മന്ത്രി മടങ്ങിയത്.
ക്ഷയരോഗ ബോധവത്കരണത്തിനായി തയാറാക്കിയ ഇടമലക്കുടി-ആരോഗ്യയാത്രാവിവരണ ഡോക്യുമെന്ററിയുടെ പോസ്റ്റർ പ്രകാശനവും മന്ത്രി നിർവഹിച്ചു. ഇടമലക്കുടി പഞ്ചായത്ത് പ്രസിഡന്റ് ഈശ്വരി, ബ്ലോക്ക് പഞ്ചായത്തംഗം ജയലക്ഷ്മി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോഹൻദാസ്, ജില്ല മെഡിക്കൽ ഓഫീസർ ഡോ.എൽ. മനോജ് , ഡിപിഎം ഡോ. കെ. അനൂപ്, മെഡിക്കൽ ഓഫീസർ ഡോ.സഖിൽ രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു.