കമ്പംമെട്ടില്‍ വീടുകയറി ആക്രമണം; ഉടമയ്ക്കും ഡ്രൈവർക്കും പരിക്ക്
1297268
Thursday, May 25, 2023 10:42 PM IST
നെടുങ്കണ്ടം: കള്ളടാക്സിക്കെതിരെ നടപടി ഉണ്ടായതിനെത്തുടര്‍ന്ന് കമ്പംമെട്ടില്‍ വീടുകയറി ആക്രമണം. ഗര്‍ഭിണിയായ ഭാര്യയുടെയും പിഞ്ചുകുഞ്ഞിന്റെയും മുന്നിലിട്ട് ഗൃഹനാഥനെയും ഇവരുടെ ഡ്രൈവറെയും ആക്രമിച്ചു.
ടാക്സി വാഹന ഉടമ മനു, ഡ്രൈവര്‍ അനന്തു എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. കള്ള ടാക്സി ഓടിയ മറ്റൊരു വാഹനം മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ പിടികൂടിയതിന് പിന്നാലെയാണ് മനുവിന്റെ വീട്ടില്‍ ഒരുസംഘം ആളുകള്‍ അതിക്രമിച്ചു കയറി ആക്രമണം നടത്തിയത്. ബുധനാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം.
മേഖലയില്‍ കള്ളടാക്സി ഓടുന്നതായി ലഭിച്ച പരാതിയെത്തുടര്‍ന്ന് കമ്പംമെട്ട് അന്യാര്‍തൊളു മേഖലയില്‍ ആര്‍ടിഒ പരിശോധന നടത്തുകയും ഒരു ടവേര പിടിച്ചെടുക്കുകയും ചെയ്തു.
പരാതി നല്‍കിയത് മനുവും ഡ്രൈവറും ചേര്‍ന്നാണെന്ന് ആരോപിച്ചാണ് ടവേരയുടെ ഉടമയും സംഘവും മനുവിന്റെ വീട്ടിലെത്തി അതിക്രമം നടത്തിയത്. ഈ സമയം വീട്ടില്‍ മനുവും ഭാര്യയും കുഞ്ഞും മനുവിന്റെ ഡ്രൈവറും ഉണ്ടായിരുന്നു. മദ്യപിച്ചെത്തിയ സംഘം വീട്ടിലേക്ക് ഇരച്ചുകയറി ആക്രമണം അഴിച്ചുവിടുകയായിരുന്നു.
മര്‍ദനത്തിൽ അനന്തുവിന്റെ തലയ്ക്കും നടുവിനും പരുക്കേറ്റു. മനുവിനെയും അനന്തുവിനെയും കട്ടപ്പന ഇരുപതേക്കര്‍ ഗവണ്മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കമ്പംമെട്ട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.