ലിഫ്റ്റിൽ കുടുങ്ങിയവരെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി
1297267
Thursday, May 25, 2023 10:42 PM IST
തൊടുപുഴ: വൈദ്യുതി ബന്ധം നിലച്ചതിനെത്തുടർന്ന് സ്വകാര്യ ഷോപ്പിംഗ് കോംപ്ലക്സിലെ ലിഫ്റ്റിൽ മൂന്നുപേർ കുടുങ്ങിയത് പരിഭ്രാന്തി പരത്തി. അര മണിക്കൂറിലേറെ നീണ്ട പരിശ്രമത്തിനൊടുവിൽ ഫയർഫോഴ്സ് ഇവരെ പുറത്തെത്തിച്ചു. ലിഫ്റ്റിൽ കുടുങ്ങിയതിനെത്തുടർന്ന് ദേഹാസ്വാസ്ഥ്യം ഉണ്ടായ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 10.30ഓടെ തൊടുപുഴ നഗരസഭ ബസ് സ്റ്റാൻഡിന് സമീപം പുളിമൂട്ടിൽ പ്ലാസയിലായിരുന്നു സംഭവം.
കെട്ടിടത്തിൽ പ്രവർത്തിക്കുന്ന മെഡിസിറ്റി എന്ന സ്ഥാപനത്തിലെ ജീവനക്കാരായ ജിഷ, ജാൻസി, എൽഐസി ഓഫീസ് ജീവനക്കാരനായ ജെറാൾഡ് റാഫേൽ എന്നിവരാണ് ലിഫ്റ്റിൽ കുടുങ്ങിയത്.
ഓഫീസുകളിലേക്ക് പോകുന്നതിനിടെ വൈദ്യുതി ബന്ധം നിലച്ച് ലിഫ്റ്റ് പാതി വഴിയിൽ പ്രവർത്തന രഹിതമാകുകയായിരുന്നു. എമർജൻസി അലാറം പ്രവർത്തിപ്പിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തൊടുപുഴയിലെ അഗ്നിരക്ഷാസേനയെ വിവരമറിയിച്ചതിനെത്തുടർന്ന് സേനാംഗങ്ങളെത്തി ലിഫ്റ്റ് കീ ഉപയോഗിച്ച് ഡോർ തുറന്നെങ്കിലും ലിഫ്റ്റ് പാതിവഴിയിൽ പ്രവർത്തന രഹിതമായിരുന്നതിനാൽ ആളുകളെ പുറത്തെടുക്കാൻ സാധിച്ചില്ല. ഉടൻതന്നെ ലിഫ്റ്റ് റൂമിന്റെ ഉള്ളിൽ പ്രവേശിച്ച സേനാംഗങ്ങൾ കണ്ട്രോൾ പാനൽ പ്രവർത്തിപ്പിച്ച് ലിഫ്റ്റ് ഏറ്റവും താഴെ നിലയിൽ എത്തിച്ചു.
ഹൈഡ്രോളിക് സ്പ്രഡർ ഉപയോഗിച്ച് ലിഫ്റ്റ് ഡോർ തുറന്നാണ് മൂവരേയും പുറത്തെത്തിച്ചത്. ഏറെ നേരമായിട്ടും പുറത്തിറങ്ങാനാവാതെ വന്നതോടെയാണ് ലിഫ്റ്റിൽ കുടുങ്ങിയ ഒരു യുവതിയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.
തൊടുപുഴ അഗ്നിരക്ഷാനിലയത്തിലെ ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ടി.ഇ. അലിയാർ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ പി.എൻ.അനൂപ്, എൻ.എസ്. അജയകുമാർ, ഷിന്റോ തോമസ്, എം.എൻ. അയൂബ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. സംഭവമറിഞ്ഞ് തൊടുപുഴ പോലീസും സ്ഥലത്തെത്തിയിരുന്നു.