ഡിയോണിന്റെ വേർപാട് താങ്ങാനാവാതെ ചെറുതോണി നിവാസികൾ
1297265
Thursday, May 25, 2023 10:42 PM IST
ചെറുതോണി: വാഹനാപകടത്തിൽ മരണമടഞ്ഞ ഡിയോൺ സാന്റുവി (18) ന് സഹപാഠികളും നാട്ടുകാരും നിറകണ്ണുകളോടെ യാത്രയേകി. പനംകുട്ടിക്ക് സമീപം ബുധനാഴ്ച വൈകുന്നേരം അഞ്ചേകാലോടെയാണ് ഒരു നാടിനെയൊന്നാകെ നടുക്കിയ ദുരന്തമുണ്ടായത്.സുഹൃത്തുക്കളായ മൂന്ന് വിദ്യാർഥികൾ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിയുകയായിരുന്നു. പനംകുട്ടിയിൽനിന്നു കൊറിയർ എടുക്കാൻ സുഹൃത്തുക്കളായ മങ്കുവ സ്വദേശികളായ അല്ലിയാങ്കൽ അഭിനവ് ദീപ്തി, പെരുമാട്ടിക്കുന്നേൽ ഡിയോൺ സാന്റു, ഇലവുങ്കൽ ആഷിൻ ഷാജി എന്നിവർ ഒരു ബൈക്കിൽ സഞ്ചരിക്കുമ്പോഴാണ് അപകടമുണ്ടായത്.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഡിയോൺ സാന്റു ആശുപത്രിയിലേക്കുള്ള യാത്രാ മധ്യേ മരിച്ചു. മറ്റു രണ്ടുപേരെയും അടിമാലിയിലെത്തിച്ച് പ്രഥമ ശുശ്രൂഷ നൽകി എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ അപകട നില തരണം ചെയ്തു വരുന്നു. ഇന്നലെ ഉച്ചയോടെ പോസ്റ്റ് മോർട്ടത്തിനുശേഷം ബന്ധുക്കൾ ഏറ്റുവാങ്ങിയ ഡിയോണിന്റെ മൃതദേഹം 2.15ഓടെ ഇവർ പഠച്ചിരുന്ന രാജമുടി ഡീപോൾ സ്കൂളിലെത്തിച്ചു. സ്കൂൾ അവധിയായിരുന്നിട്ടും മുഴുവൻ സഹപാഠികളും അധ്യാപകരും ഡിയോണിന് അന്ത്യോപചാരം അർപ്പിക്കാ നെത്തിയിരുന്നു.
ഡീപോൾ സ്കൂളിന്റെ ലീഡറും സഹപാഠികളുടെ ഉറ്റമിത്രവുമായിരുന്നു ഡിയോൺ. മങ്കുവ സെന്റ് തോമസ് പള്ളിയിലെ ആൾത്താര ബാലനായും സംഘടനാ ഭാരവാഹിയായും നാട്ടുകാർക്കിടയിലും നിറസാന്നിധ്യമായിരുന്നു ഡിയോൺ. രാജമുടി ഡീ പോൾ സ്കൂളിൽ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിയായിരുന്നു ഡിയോൺ സാന്റു.
പഠനത്തിലും കലാ കായിക കാര്യങ്ങളിലും മികവ് തെളിയിച്ച ഡിയോൺ മറ്റ് വിദ്യാർഥികൾക്ക് എന്നു മൊരു നേതാവ് കൂടി ആയിരുന്നു. ഡീപോൾ സ്കൂളിൽ പൊതു ദർശനത്തിന് വച്ചപ്പോൾ മന്ത്രി റോഷി അഗസ്റ്റിൻ സ്കൂളിലെത്തി ഡിയോണിന് അന്ത്യോപചാരമർപ്പിച്ചു. സ്കൂൾ പ്രിൻസിപ്പൽ ഫാ. ബിജോയ് കിഴക്കേതോട്ടം, മാനേജർ ഫാ. സെബാസ്റ്റ്യൻ തുണ്ടത്തിക്കുന്നേൽ, ജില്ലാ പഞ്ചായത്ത് അംഗം ഷൈനി സജി, മുൻ ജില്ലാ പഞ്ചായത്ത് അംഗം നോബിൾ ജോസഫ്, കൊന്നത്തടി, വാത്തിക്കുടി പഞ്ചായത്ത് പ്രസിഡന്റുമാർ, പൊതുപ്രവർത്തകർ ഉൾപ്പെടെ നിരവധിപേർ അന്ത്യമോപചാരമർപ്പിച്ചു . ഇന്ന് രാവിലെ 10.30 ന് മങ്കുവ സെന്റ്് തോമസ് പള്ളിയിൽ ഡിയോണിന്റെ സംസ്കാര ചടങ്ങുകൾ നടക്കും. മാതാവ് ഡോണ വെൺമണി അമ്പഴത്തിങ്കൽ കുടുംബാംഗം. ഏക സഹോദരൻ അഡോൺ സാന്റു.