ഏപ്രിൽ മൂന്നിന് ഇടുക്കിയിൽ എൽഡിഎഫ് ഹർത്താൽ
1280828
Saturday, March 25, 2023 10:31 PM IST
ചെറുതോണി: ഭൂനിയമഭേദഗതി ഓർഡിനൻസ് ഇറക്കണമെന്നു ആവശ്യപ്പെട്ട് ഏപ്രിൽ മൂന്നിനു ജില്ലയിൽ 12 മണിക്കൂർ ഹർത്താലിന് എൽഡിഎഫ് ആഹ്വാനം ചെയ്തു. രാവിലെ ആറു മുതൽ വൈകുന്നേരം ആറു വരെയാണ് ഹർത്താൽ.
ഈ നിയമസഭാസമ്മേളനത്തിൽ ബില്ലവതരിപ്പിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, നിയമസഭയിലെ യുഡിഎഫ് നിലപാടാണ് നിയമ നിർമാണത്തിന് തടസം സൃഷ്ടിച്ചതെന്ന് എൽഡിഎഫ് നേതാക്കൾ ആരോപിച്ചു. പരിസ്ഥിതിവാദിയായ വി.ഡി. സതീശന്റെ നേതൃത്വത്തിൽ തയാറാക്കിയ പദ്ധതി നിയമസഭയ്ക്കകത്ത് നടപ്പാക്കി ഭൂനിയമഭേദഗതി ബില്ല് അട്ടിമറിക്കുയാണ് കോൺഗ്രസ് ചെയ്തത്.
യുഡിഎഫ് ഭരണകാലത്ത് ബഫർസോൺ 12 കിലോമീറ്റർ ആക്കണമെന്ന് വി.ഡി. സതീശനും ടി.എൻ. പ്രതാപനും എ. ഷംസുദീനും നേതൃത്വംനൽകിയ നിയമസഭാ കമ്മിറ്റികൾ ശിപാർശ ചെയ്തിരുന്നു. സിഎച്ച്ആർ വനമാണെന്ന നിലപാടാണ് കോൺഗ്രസ് സ്വീകരിച്ചത്.നിയമസഭയിൽ ബില്ലവതരണം നടന്നില്ലെങ്കിലും ഓർഡിനൻസിലൂടെ നിയമഭേദഗതി നടപ്പാക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടാണ് ഹർത്താൽ.
ഹർത്താലിനോട് ജില്ലയിലെ മുഴുവൻ ജനങ്ങളും സഹകരിക്കണമെന്ന് എൽഡിഎഫ് നേതാക്കളായ കെ.കെ. ശിവരാമൻ, സി.വി. വർഗീസ്, കെ. സലിംകുമാർ, ജോസ് പാലത്തിനാൽ, അഡ്വ.കെ.ടി. മൈക്കിൾ, സി.എം. അസീസ്, സിബി മൂലേപറമ്പിൽ, ജോണി ചെരുവുപറമ്പിൽ, എം.എ. ജോസഫ് എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.