അത്താഴംമുടക്കിയെങ്കിലും തലയെടുപ്പിൽ കേമൻതന്നെ..!
1279939
Wednesday, March 22, 2023 10:36 PM IST
രാജകുമാരി: ആക്രമണകാരിയായ അരിക്കൊമ്പനെതിരേ നാട്ടിലെ വലിയ പ്രതിഷേധവും തളയ്ക്കാനായി കോടനാട്ട് കൂടൊരുങ്ങിയതൊന്നും അരിക്കൊമ്പന് അറിയില്ല. നാട്ടില്‍ പരിഭ്രാന്തി പരത്തി വിലസുകയാണ് കാട്ടുകൊമ്പന്. ആക്രമണത്തില്‍ മാത്രമല്ല തലയെടുപ്പിലും അരിക്കൊമ്പന് ഇടുക്കിയില്‍ ഒന്നാമനാണ്.
ഉയര്‍ന്ന മസ്തകം, നീളമുള്ള തുമ്പികൈ നിലത്ത് വച്ചാല്‍ ഒരടിയിലധികം നിവര്ന്നുകിടക്കും മറ്റാനകളില്നിന്നു വ്യത്യസ്ഥമായ കൂര്‍ത്ത് നീളം കുറഞ്ഞ കൊമ്പുകള്‍. മസ്തകമുയര്ത്തിയുള്ള നില്പ്പില് ഇവനോടൊപ്പം നില്ക്കാന് ചിന്നക്കനാലില്‍ മറ്റൊരാനയുണ്ടാകില്ല. ആക്രമണകാരിയെങ്കിലും തുമ്പിക്കൈയാട്ടി തലയുയര്ത്തിപിടിച്ചുള്ള നടത്തം ആരെയും ആകർഷിക്കുന്നതാണ്.
അരിക്കൊമ്പനെന്ന പേരു വന്നതിലും ഒരു കഥയുണ്ട്. ഒന്നല്ല ഒരുപാടു മോഷണങ്ങളുടെ കഥ. ചിന്നക്കനാല്‍ മുന്നൂറ്റിയൊന്ന് കോളനിയില്‍ ആദിവാസി കുടുംബങ്ങളെ കുടിയിരുത്തിയതിനുശേഷം ആളില്ലാത്ത ഷെഡുകളില്നിന്നും അരിയും പഞ്ചസാരയും ഉപ്പുമൊക്കെ അപഹരിച്ചാണ് തുടക്കം. ഇവിടെനിന്നു ഇഷ്ട ഭക്ഷണം ആവശ്യത്തിന് ലഭിക്കാതായതോടെ ഇവന് നാട്ടിലേയ്ക്കിറങ്ങി. പിന്നങ്ങോട്ട് വീടുകളുടെ അടുക്കള തകര്‍ത്ത് അരിയകത്താക്കി പല കുടുംബങ്ങളുടേയും അത്താഴം മുടക്കി. ആദ്യം കള്ളക്കൊമ്പന്‍ എന്നൊരു പേര് വീണെങ്കിലും അരിതേടിയുള്ള ഇവന്റെ യാത്ര പിന്നീട് അരിക്കൊമ്പനെന്ന പേര് സമ്മാനിച്ചു. അരിക്കൊമ്പന് തകര്‍ത്ത വീടുകളുടെ കണക്ക് വനംവകുപ്പിന്റെ പക്കലുമില്ല. ആദ്യമൊക്കെ ആളില്ലാത്ത വീടുകളിലായിരുന്നു അരിക്കൊമ്പന്റെ അരി മോഷണമെങ്കില്‍ പിന്നീടത് ആളുള്ള വീടുകളില്‍ നേരവും കാലവും നോക്കാതെയായി. 26ന് ദൗത്യം വിജയിച്ചാൽ പിന്നെ കോടനാട്ടേയ്ക്ക്.