മെഡി. കോളജ് ട്രോമ കെയർ യൂണിറ്റിലെ രോഗികളുടെ കൂട്ടിരിപ്പുകാർ ദുരിതത്തിൽ
1601479
Tuesday, October 21, 2025 1:42 AM IST
ഗാന്ധിനഗര്‍: മെഡിക്കല്‍ കോളജ് ആശുപത്രി ട്രോമ കെയര്‍ യൂണിറ്റില്‍ ചികിത്സയില്‍ കഴിയുന്ന രോഗികളുടെ കൂട്ടിരിപ്പുകാര്‍ ദുരിതത്തില്‍. തലയ്ക്ക് ഗുരുതര പരിക്കേറ്റവരും ന്യൂറോ സര്‍ജറി വിഭാഗത്തിന് കീഴില്‍ തലയില്‍ ശസ്ത്രക്രിയ നടത്തിയവരുമാണ് ട്രോമ കെയര്‍ യൂണിറ്റില്‍ ചികിത്സയിലുള്ളത്.
എന്നാല്‍, ഇവരുടെ കൂട്ടിരിപ്പുകാര്‍ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം നേരിടുകയാണ്. മഴക്കാലമായതിനാല്‍ കൂട്ടിരിപ്പുകാര്‍ ഇരിക്കുന്ന ഭാഗത്തുകൂടെയാണ് വെള്ളം കുത്തിയൊലിക്കുന്നത്. ഇതില്‍ ചവിട്ടിവേണം കൂട്ടിരിപ്പുകാര്‍ ഈ വിഭാഗത്തില്‍ പ്രവേശിക്കാന്‍.
വലിയ ശുചിത്വം പാലിക്കേണ്ട വിഭാഗമാണ് ട്രോമ കെയര്‍. വെള്ളം കെട്ടിക്കിടന്ന് ചെളി നിറഞ്ഞ നിലയിലാണ് ഇപ്പോള്‍ ഇവിടം. ഇതു കൊതുക് ശല്യവും വര്‍ധിപ്പിച്ചിരിക്കുകയാണ്. ഇവിടേക്കുള്ള വെള്ളമൊഴുക്കിന്റെ ഗതി മാറ്റി വിടേണ്ടത് അടിയന്തര ആവശ്യമാണ്. രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്ക് രാത്രികാലങ്ങളില്‍ കിടക്കുന്നതിനുള്ള സൗകര്യവും പരിമിതമാണ്. സ്ത്രീകള്‍ക്ക് കിടക്കുന്നതിന് ചെറിയ സൗകര്യം ഒരുക്കിയിട്ടുണ്ടെങ്കിലും ഇതു പരിമിതമാണ്. പുരുഷന്മാർക്ക് കിടക്കുന്നതിന് വലിയ ദുരിതമാണ് നേരിടുന്നത്.