രാമപുരം-നീറന്താനം-മാറിക റോഡില്‍ അപകടം പതിവാകുന്നു; തിട്ട ഇടിയുന്നു
1601395
Monday, October 20, 2025 11:36 PM IST
രാമപുരം: മരണക്കെണിയായി രാമപുരം - നീറന്താനം - മാറിക റോഡ്. പല ഭാഗങ്ങളിലും റോഡ് ഇടിഞ്ഞ് താണുകൊണ്ടിരിക്കുന്നു. കഴിഞ്ഞ ദിവസം നീറന്താനത്തിന് സമീപം കയം ഭാഗത്ത് കല്ലുമായി പോയ ഭാരവണ്ടി റോഡിന്റെ സൈഡ് ഇടിഞ്ഞ് ഒരുവശത്തേക്ക് താന്നുപോയി. ഭാഗ്യംകൊണ്ടാണ് താഴെയുള്ള കൊക്കയിലേക്ക് പതിക്കാതെ വാഹനം രക്ഷപ്പെട്ടത്.
ജെസിബി ഉപയോഗിച്ചാണ് പിന്നീട് ഈ ലോറി ഉയര്‍ത്തിയത്. ഈ അപകടത്തില്‍ റോഡ് ഇടിഞ്ഞ് തകര്‍ന്ന് കിടക്കുകയാണ്. നാട്ടുകാരുടെ നേതൃത്വത്തില്‍ ഇടിഞ്ഞ ഭാഗത്ത് ടാര്‍ വീപ്പകള്‍ വെച്ചിരിക്കുകയാണ്. ഈ ഭാഗത്ത് വലിയൊരു വളവാണുള്ളത്. അമിത വേഗത്തിലേത്തുന്ന വാഹനങ്ങള്‍ അപകടത്തില്‍പ്പെടാതെ കഷ്ടിച്ചാണ് രക്ഷപ്പെടുന്നത്.
മൂവാറ്റുപുഴയില്‍ നിന്നു പാലായിലേയ്ക്ക് എളുപ്പം എത്തുവാന്‍ ഗൂഗിള്‍ മാപ്പില്‍ കാണിക്കുന്ന റോഡായതിനാല്‍ ശബരിമല തീര്‍ഥാടകരടക്കം നിരവധി ദീര്‍ഘദൂര വാഹനങ്ങളും ഭാര വണ്ടികളും സ്കൂള്‍ കുട്ടികളുമായി പോകുന്ന ബസുകളും സര്‍വീസ് ബസുകളും ഇടതടവില്ലാതെ ഈ റോഡിലൂടെ പോകുന്നുണ്ട്.
ഈ അപകടം നടന്നതിന്റെ തൊട്ട് മുന്‍പിലായി വല്യവീട്ടില്‍ വാതിലിന് സമീപം റോഡിന്റെ ഒരു സൈഡ് താഴ്ന്ന് പൊയ്ക്കൊണ്ടിരിക്കുകയാണ്. വലിയ വാഹനങ്ങള്‍ ഒരു വശത്തേക്ക് ചെരിഞ്ഞ് അപകടത്തില്‍പ്പെടാതെ കഷ്ടിച്ചാണ് രക്ഷപ്പെടുന്നത്. മഴ കനക്കുന്നതോടുകൂടി ഈ ഭാഗം ഇടിയുവാന്‍ സാധ്യതയുണ്ട്. ഈ റോഡിന്റെ അപാകതകള്‍ എത്രയും പെട്ടന്ന് പരിഹരിക്കണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമാവുകയാണ്.