എകെസിസി അവകാശ സംരക്ഷണ ജാഥയ്ക്ക് സ്വീകരണം
1601390
Monday, October 20, 2025 11:36 PM IST
പാലാ: നീതി ഔദാര്യമല്ല, അവകാശമാണ് എന്ന മുദ്രാവാക്യത്തോടെ കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതിയുടെ നേതൃത്വത്തില്‍ നടത്തുന്ന അവകാശ സംരക്ഷണ ജാഥ ഇന്ന് പാലായിലെത്തും. ഭരണഘടനയും ഭരണഘടന വിഭാവനം ചെയ്യുന്ന മതേതരത്വവും സംരക്ഷിക്കുക, ക്രൈസ്തവ പിന്നോക്കാവസ്ഥയെപ്പറ്റി പഠിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് ജെ. ബി. കോശി കമ്മീഷന് റിപ്പോര്‍ട്ട് രഹസ്യ രേഖയായി സൂക്ഷിക്കുന്നത് അവസാനിപ്പിച്ച് റിപ്പോര്‍ട്ട് പുറത്തുവിടുകയും അതിലെ നിര്‍ദേശങ്ങള്‍ നടപ്പാക്കുകയും ചെയ്യുക, വന്യമൃഗങ്ങളുടെ ആക്രമവും തെരുവുനായ ശല്യവും പരിഹരിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുക, കര്‍ഷകര്‍ക്ക് ദ്രോഹകരമായ ഭൂ നിയമങ്ങള്‍ കാലാനുസൃതമായി പരിഷ്കരിക്കുക, കാര്‍ഷിക ഉത്പന്നങ്ങളുടെ വില തകര്‍ച്ച പരിഹരിക്കാന്‍ നടപടിയെടുക്കുക, വിദ്യാഭ്യാസ മേഖലയിലെ ന്യൂനപക്ഷ അവഗണന അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉയര്‍ത്തിയാണ് കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് പ്രഫ. രാജീവ് കൊച്ചുപറമ്പില്‍ ഈ മാസം കാസര്‍ഗോഡ് നിന്ന് തിരുവനന്തപുരത്തേക്ക് ജാഥ ആരംഭിച്ചത്.
വിവിധ രൂപതകളിലൂടെ കടന്നുവന്ന ജാഥ ചെമ്മലമറ്റത്ത് നിന്നു പാലാ രൂപതയില്‍ പ്രവേശിക്കും. രൂപതാ ഭാരവാഹികള്‍ ജാഥയെ സ്വീകരിക്കും. തുടര്‍ന്ന് അരുവിത്തുറ, രാമപുരം ഫൊറോനകളിലെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി വൈകുന്നേരം 4.30 ന് പാലായില്‍ എത്തിച്ചേരും. ളാലം പഴയപള്ളി അങ്കണത്തില്‍ നിന്നാരംഭിക്കുന്ന റാലി മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത് ഫ്ളാഗ് ഓഫ് ചെയ്യും. തുടര്‍ന്ന് സമ്മേളനം ആരംഭിക്കും. കുരിശുപള്ളിക്കവലയില്‍ രൂപത പ്രസിഡന്റ് ഇമ്മാനുവല്‍ നിധീരിയുടെ അധ്യക്ഷതയില്‍ ചേരുന്ന പൊതു സമ്മേളനം സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ ഉദ്ഘാടനം ചെയ്യും.
ളാലം പഴയപള്ളിയുടെ മുറ്റത്തും ഓഡിറ്റോറിയത്തിനു സമീപവും ളാലം പുത്തന്‍പള്ളിയുടെ മുറ്റത്തും പുതിയ പാര്‍ക്കിംഗ് സ്ഥലത്തും വാഹനങ്ങള്‍ പാര്‍ക്കു ചെയ്യാം. വിവിധ രൂപതാധ്യക്ഷന്മാര് പങ്കെടുക്കുന്ന റാലിയോടെ 24ന് തിരുവനന്തപുരം സെക്രട്ടറിയേറ്റില്‍ ജാഥ സമാപിക്കും.
അരുവിത്തുറയിൽ സ്വീകരണം
അരുവിത്തുറ: അവകാശ സംരക്ഷണ ജാഥയ്ക്ക് ഇന്ന് ഉച്ചകഴിഞ്ഞ് 2.30 ന് അരുവിത്തുറയിൽ സ്വീകരണം നൽകും. ഫൊറോന പ്രസിഡന്റ് സാബു പ്ലാത്തോട്ടം അധ്യക്ഷത വഹിക്കുന്ന യോഗം ഫൊറോന വികാരി ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ ഉദ്ഘാടനം ചെയ്യും. രൂപത സെക്രട്ടറി ജോൺസൺ ചെറുവള്ളി, യൂണിറ്റ് പ്രസിഡന്റ് ബെന്നി വെട്ടത്തേൽ തുടങ്ങിയവർ പ്രസംഗി ക്കും.