നാമഹേതുകന്റെ ചിത്രം സുഗന്ധവ്യഞ്ജനങ്ങളാൽ നിർമിച്ച് സമർപ്പിച്ച് കുറവിലങ്ങാട് കുടുംബകൂട്ടായ്മ യൂണിറ്റ്
1601394
Monday, October 20, 2025 11:36 PM IST
കുറവിലങ്ങാട്: നാമഹേതുകന്റെ ചിത്രം സുഗന്ധവ്യഞ്ജനങ്ങളാൽ നിർമിച്ച് സമർപ്പിച്ച് കുടുംബകൂട്ടായ്മ യൂണിറ്റ്. മേജർ ആർക്കിഎപ്പിസ്കോപ്പൽ മർത്ത്മറിയം അർക്കദിയാക്കോൻ തീർഥാടന ഇടവകയിലെ 27-ാം വാർഡിലെ ഒന്നാം കുടുംബകൂട്ടായ്മ യൂണിറ്റാണ് പുണ്യവഴികൾ തേടി പുതിയ മാതൃക സ്വീകരിച്ചത്. ദൈവദാസൻ മാർ മാത്യു കാവുകാട്ടാണ് യുണിറ്റിന്റെ നാമഹേതുകൻ. ആർച്ച്ബിഷപ് മാർ മാത്യു കാവുകാട്ടിന്റെ അനുസ്മരണ വാർഷികത്തോടനുബന്ധിച്ചാണ് ആർച്ച്ബിഷപ്പിന്റെ കബറിടം സ്ഥിതി ചെയ്യുന്ന ചങ്ങനാശേരി മെത്രാപ്പോലീത്തൻ പള്ളിയോട് ചേർന്നുള്ള കബറിട പള്ളിയിൽ കൂട്ടായ്മ അംഗങ്ങൾ എത്തിയത്.
തുടർന്ന് ആർച്ച്ബിഷപ് മാർ മാത്യു കാവുകാട്ട് വൈദികനായിരിക്കെ വിശുദ്ധ കുർബാനയർപ്പിച്ചിരുന്ന പള്ളിയിൽ അസിസ്റ്റന്റ് വികാരി ഫാ. തോമസ് താന്നിമലയുടെ കാർമികത്വത്തിൽ വിശുദ്ധ കുർബാനയർപ്പണം നടത്തി. മാർ മാത്യു കാവുകാട്ട് മ്യൂസിയത്തിലേക്ക് ചിത്രം കൈമാറി.
കുറവിലങ്ങാട് ഇടവക പള്ളിയിൽ നിന്ന് ആരംഭിച്ച തീർഥാടനം ആർച്ച്പ്രീസ്റ്റ് റവ.ഡോ.തോമസ് മേനാച്ചേരി ഫ്ളാഗ് ഓഫ് ചെയ്തു. അസിസ്റ്റന്റ് വികാരിമാരായ ഫാ. പോൾ കുന്നുംപുറത്ത്, ഫാ. തോമസ് താന്നിമലയിൽ, ഫാ. ജോസഫ് ചൂരയ്ക്കൽ എന്നിവരുടെ കാർമികത്വത്തിൽ പ്രത്യേക പ്രാർഥനകളോടെയാണ് ചങ്ങനാശേരി കത്തീഡ്രലിലേക്കുള്ള തീർഥാടനം ആരംഭിച്ചത്.
പള്ളിയോഗം സെക്രട്ടറി ബെന്നി കോച്ചേരി, കുടുംബകൂട്ടായ്മ ജനറൽ ലീഡർ ബോബിച്ചൻ നിധീരി, സോൺ ലീഡർ സണ്ണി വെട്ടിക്കാട്ട്,യൂണിറ്റ് പ്രസിഡന്റ് പോൾസൺ ചേലക്കാപ്പിള്ളിൽ, സെക്രട്ടറി സുമി റോയി ഓലിക്കാട്ടിൽ തുടങ്ങിയവർ പ്രസംഗിച്ചു. ഒരുമാസത്തോളം നീണ്ട പരിശ്രമങ്ങളിലാണ് ചിത്രം ഒരുക്കിയതെന്ന് യൂണിറ്റ് ഭാരവാഹികളായ പോൾസൺ ചേലയ്ക്കാപ്പള്ളിയും സുമി റോയിയും പറഞ്ഞു. ചിത്രകലയിൽ ശ്രദ്ധേയനായ സണ്ണി ഇടത്തിനാലാണ് ചിത്രം ക്രമീകരിക്കാൻ മാർഗനിർദേശങ്ങൾ നൽകിയത്.