മറുനാടൻ വാഴക്കുലകൾ സുലഭം; നാടന്് വിലയില്ല
1601383
Monday, October 20, 2025 11:36 PM IST
മുണ്ടക്കയം: കുറഞ്ഞ വിലയ്ക്ക് മറുനാടൻ വാഴക്കുലകൾ വിപണി കീഴടക്കിയതോടെ കർഷക മാർക്കറ്റിൽ നിന്ന് ഉൽപ്പന്നങ്ങൾ വാങ്ങുവാൻ തയാറാകാതെ വ്യാപാരികൾ. സാധനം വിറ്റഴിക്കുവാൻ മാർഗം ഇല്ലാതെ കർഷകർ ദുരിതത്തിൽ.
തമിഴ്നാട് മേട്ടുപ്പാളയത്തിൽ നിന്നു കുറഞ്ഞ നിരക്കിൽ വാഴക്കുലകൾ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തിച്ച് നൽകുന്നതാണ് കേരളത്തിൽ ഉത്പാദിപ്പിക്കുന്ന നാടൻ വാഴക്കുലകളുടെ വില ഗണ്യമായി കുറയുവാൻ കാരണം.
വെജിറ്റബിൾ ആൻഡ് ഫ്രൂട്ട്സ് പ്രമോഷൻ കൗൺസിലിന് (വിഎഫ്പിസികെ) കീഴിൽ പ്രവർത്തിക്കുന്ന കർഷക മാർക്കറ്റുകളിലും കർഷക ഓപ്പൺ മാർക്കറ്റുകളിലും വാഴക്കുലകൾ കെട്ടിക്കിടക്കുകയാണ്. 60 രൂപ വിലയുണ്ടായിരുന്ന ഏത്തക്കായ്ക്ക് ഇപ്പോൾ 30 മുതൽ 36 രൂപ വരെയാണ് ലഭിക്കുന്നത്. 80 രൂപ വിലയുണ്ടായിരുന്ന ഞാലിപ്പൂവന് ഇപ്പോൾ 20 മുതൽ 30 രൂപ വരെ മാത്രമാണ് കർഷകന് ലഭിക്കുന്നത്. പാളയംകോടനും റോബസ്റ്റയും വാങ്ങുവാൻ പോലും വ്യാപാരികൾ തയാറാകുന്നില്ല.
കഴിഞ്ഞ ദിവസം മുണ്ടക്കയം ചോറ്റിയിൽ പ്രവർത്തിക്കുന്ന വിഎഫ്പിസികെയുടെ മാർക്കറ്റിൽ എത്തിച്ച വാഴക്കുലകൾ വാങ്ങുവാൻ വ്യാപാരികൾ ഇല്ലാത്തത് മൂലം കർഷകർക്ക് തിരികെ കൊണ്ടുപോകേണ്ടി വന്നിരുന്നു. കോട്ടയം ജില്ലയിലെ ഒട്ടുമിക്ക മാർക്കറ്റുകളിൽ നിന്നും വ്യാപാരികൾ ഇപ്പോൾ വാഴക്കുലകൾ ശേഖരിക്കുന്നില്ല. കുറഞ്ഞ വിലയ്ക്ക് തമിഴ്നാട്ടിൽ നിന്നും വാഴക്കുലകൾ എത്തിച്ചു നൽകും എന്നതാണ് ഇതിന് പ്രധാന കാരണം. ഇതോടെ മലയോര മേഖലയിലെ കർഷകർ കടുത്ത ദുരിതത്തിലായി.
സ്ഥലം പാട്ടത്തിനെടുത്തും വലിയ തുക മുതൽമുടക്കിയും പ്രതികൂല കാലാവസ്ഥയെ അതിജീവിച്ചുമെല്ലാം വിപണിയിൽ കാർഷിക ഉൽപ്പന്നങ്ങൾ എത്തിക്കുമ്പോൾ ന്യായവില പോലും ലഭിക്കാത്തത് പലരെയും കൃഷിയിൽ നിന്ന് പിന്തിരിപ്പിക്കുകയാണ്. കാലാവസ്ഥയ്ക്ക് അനുസരിച്ച് മാത്രമാണ് കേരളത്തിൽ വാഴ കൃഷി ചെയ്യുന്നത്.
എന്നാൽ തമിഴ്നാട്ടിൽ എല്ലാ സീസണിലും വാഴകൃഷി സുലഭമായി നടക്കും. അതുകൊണ്ടുതന്നെ വലിയതോതിൽ ഉത്പാദനം നടത്തി കേരള വിപണിയിൽ എത്തിച്ച് ഇവിടുത്തെ വില ഇടിക്കും. ഇതോടെ കർഷകർ കൃഷിയിൽ നിന്ന് പിന്മാറും. ഈ അവസരം മുതലെടുത്ത് വലിയ വിലയ്ക്ക് വീണ്ടും അന്യസംസ്ഥാനങ്ങളിൽ നിന്നു കേരളത്തിലേക്ക് വാഴക്കുലകൾ എത്തും.
ഈ ചൂഷണം ഏറ്റവും കൂടുതൽ ബാധിക്കുന്നത് കർഷകരെയാണ്. വർഷങ്ങളായി ഈ പ്രതിഭാസം തുടരുന്നുണ്ടെങ്കിലും കേരളത്തിലെ കർഷകരുടെ ഉൽപ്പന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കുവാൻ ബന്ധപ്പെട്ട അധികാരികൾ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. തങ്ങൾ ഉത്പാദിപ്പിക്കുന്ന കാർഷിക ഉൽപ്പന്നങ്ങൾക്ക് വിപണിയിൽ ന്യായവില ഉറപ്പാക്കുവാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നാണ് കർഷകരുടെ ആവശ്യം.