ഒന്ന്, രണ്ട് ബസ് സ്റ്റാന്‍ഡുകളുടെ പരിപാലനം സ്വകാര്യ വ്യക്തിക്കു നല്കി നഗരസഭ
1601476
Tuesday, October 21, 2025 1:42 AM IST
ചങ്ങനാശേരി: സ്വകാര്യ വ്യക്തിയുടെ പങ്കാളിത്തത്തോടെ ഒന്നാംനമ്പര്‍ പഴയ ബസ് സ്റ്റാന്‍ഡ്, പെരുന്ന ബസ് സ്റ്റാന്‍ഡുകളുടെ മുഖം മിനുക്കുന്നു. ഇരു ബസ്സ്റ്റാന്‍ഡുകളിലും ഇരിപ്പിടങ്ങള്‍ സജ്ജമാക്കും. അലങ്കാരദീപങ്ങള്‍ തെളിക്കും. ചെടിച്ചട്ടികളില്‍ പൂച്ചെടികള്‍ വച്ചുപിടിപ്പിക്കും. ടെര്‍മിനലും മുറികളും പെയിന്റുചെയ്ത് മനോഹരമാക്കും. വൈദ്യുതി ചാര്‍ജ് അടയ്ക്കുന്നതും സ്വകാര്യ വ്യക്തിയായിരിക്കും.
പെരുന്ന ബസ് സ്റ്റാന്‍ഡിലെ ടേക്ക് എ ബ്രേക്ക് നടത്തിപ്പ് 7500 രൂപ മാസവാടകക്ക് ഇതേവ്യക്തിക്കു നല്‍കിയിട്ടുണ്ട്. ഇതില്‍ കാപ്പിക്കട തുറക്കും. ഇരു സ്റ്റാന്‍ഡുകളിലും കാമറ സ്ഥാപിച്ച് സുരക്ഷ ഉറപ്പാക്കും.
ഡിജിറ്റല്‍ ബോര്‍ഡ് സ്ഥാപിച്ച് പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കും. ജൈവ, അജൈവ മാലിന്യങ്ങള്‍ തരംതിരിച്ച് ശേഖരിക്കാന്‍ ബിന്നുകളും ബോട്ടില്ബൂത്തും സ്ഥാപിക്കും. നഗരസഭ നിര്‍ദേശിക്കുന്ന അറിയിപ്പുകളും നിര്‍ദേശങ്ങളും പ്രദര്‍ശിപ്പിക്കും. ദിവസവും ശുചീകരണം നടത്തും.
രണ്ട് ലക്ഷം രൂപ സെക്യൂരിറ്റി ഡിപ്പോസിറ്റ് നല്കി സ്റ്റാന്‍ഡിന്റെ വിവിധ ഭാഗങ്ങളിലും ടെര്‍മിനലിലും നഗരസഭ അനുവദിക്കുന്ന അളവില്‍ പരസ്യബോര്‍ഡ് സ്ഥാപിച്ചാണ് സ്വകാര്യവ്യക്തി ബസ് സ്റ്റാന്‍ഡുകളുടെ പരിപാലനം ഏറ്റെടുത്തിരിക്കുന്നത്.
യാത്രക്കാരുടെ സൗകര്യങ്ങള്‍ മെച്ചമാക്കാന്‍ ഉപകരിക്കും
കഴിഞ്ഞ ബജറ്റിലെ നിര്‍ദേശപ്രകാരമാണ് പഴയ ബസ് സ്റ്റാന്‍ഡിന്റെയും പെരുന്ന ബസ് സ്റ്റാന്‍ഡിന്റെയും സൗന്ദര്യവത്കരണവും പരിപാലനവും സ്വകാര്യവ്യക്തിയെ ഏല്‍പ്പിച്ചത്. ഇതു യാത്രക്കാര്‍ക്ക് ഏറെ ഉപകരിക്കും.
- മാത്യൂസ് ജോര്ജ്വൈസ് ചെയര്മാന്, ചങ്ങനാശേരി നഗരസഭ