ജില്ലാ ആശുപത്രിയില്‍ അപകടഭീഷണിയായി വാട്ടര്‍ ടാങ്ക്
1576149
Wednesday, July 16, 2025 2:39 AM IST
കോട്ടയം: ജില്ലാ ആശുപത്രിയില്‍ അപകടഭീഷണിയായി വാട്ടര്‍ ടാങ്ക്. ആറ്, മൂന്ന് വാര്‍ഡുകളോടു ചേര്‍ന്നാണ് ഏതു നിമിഷവും ഇടിഞ്ഞുവീഴുമെന്ന നിലയിലുള്ള വലിയ വാട്ടര്‍ ടാങ്ക് സ്ഥിതിചെയ്യുന്നത്. വര്‍ഷങ്ങള്‍ക്കു മുമ്പ് ജില്ലാ ആശുപത്രിയിലെ വിവിധ വാര്‍ഡുകളിലേക്കുള്ള വെള്ളം എത്തിക്കുന്നതിനായി നിര്‍മിച്ചതാണ് ടാങ്ക്.
കാലപ്പഴക്കത്തില്‍ ടാങ്ക് അപകടാവസ്ഥയിലായതോടെ വെള്ളം സൂക്ഷിക്കുന്നത് ഉപേക്ഷിച്ചു. തൂണുകളും ഭിത്തിയുമെല്ലാം ദ്രവിച്ച് ഏതുനിമിഷവും താഴെ വീഴാവുന്ന രീതിയിലാണ് ഇപ്പോൾ ടാങ്ക്. ടാങ്കിനു സമീപത്തുകൂടിയാണ് രോഗികളും കൂട്ടിരിപ്പുകാരുമൊക്കെ ഏതുസമയവും നടക്കുന്നത്.
കഴിഞ്ഞദിവസം ചേര്‍ന്ന ആശുപത്രി വികസനസമിതി യോഗത്തില്‍ അപകടാവസ്ഥയിലായ ടാങ്ക് എത്രയും വേഗം പൊളിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, പൊളിക്കാന്‍ ഇതുവരെ അധികൃതര്‍ തയാറായിട്ടില്ല. കിഫ്ബി പദ്ധതി പ്രകാരം പണിയുന്ന പുതിയ ആശുപത്രി കോംപ്ലക്സ് ടാങ്കിനോടു ചേര്‍ന്നുള്ള ഭാഗത്താണ്. പുതിയ കെട്ടിടത്തിന്റെ നിര്‍മാണത്തിനും അപകടാവസ്ഥയിലായ ടാങ്ക് തടസമാണ്. അതേസമയം ആശങ്ക വേണ്ടെന്നും അപകടാവസ്ഥയിലായ ടാങ്ക് ഉടന്‍ പൊളിച്ചുനീക്കുമെന്നും ആശുപത്രി സൂപ്രണ്ട് പറഞ്ഞു.