ശബരി റെയില്‍ പദ്ധതിക്ക് അനക്കംവയ്ക്കുന്നു ; കേരളം വേഗം കൂട്ടിയാല്‍ കേന്ദ്രം കൂടെനില്‍ക്കും
1588237
Sunday, August 31, 2025 11:11 PM IST
കോട്ടയം: ശബരി റെയില്‍പാത നിര്‍മാണത്തിന് സ്ഥലം ഏറ്റെടുക്കുന്നതിനുള്ള പ്രാരംഭ നടപടികള്‍ സംബന്ധിച്ച നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ എറണാകുളം, ഇടുക്കി, കോട്ടയം ജില്ലാ കളക്ടര്‍മാരോട് ആവശ്യപ്പെട്ടു. കേരളം സ്ഥലമേറ്റെടുപ്പ് ആരംഭിച്ചാല്‍ ശബരി പദ്ധതി മരവിപ്പിച്ച നടപടി റദ്ദാക്കുമെന്ന് മുന്‍പുതന്നെ റെയില്‍വേ മന്ത്രാലയം ഉറപ്പു നല്‍കിയിരുന്നു.
2019 സെപ്റ്റംബറില്‍ പദ്ധതി മരവിപ്പിച്ച് ദക്ഷിണ റെയില്‍വേയിറക്കിയ ഉത്തരവാണ് പിന്‍വലിക്കേണ്ടത്. ഭൂമിയേറ്റെടുത്തു നല്കാന് തയാറാണെന്നും പകുതി ചെലവ് വഹിക്കാമെന്നും അറിയിച്ച് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന് സംസ്ഥാന സര്‍ക്കാര്‍ കത്തയച്ചിട്ടുണ്ട്. അങ്കമാലിയില്‍നിന്ന് എരുമേലിവരെ 111.48 കിലോമീറ്റര്‍ ശബരി പാതയ്ക്ക് എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലായി 303 ഹെക്ടറാണ് ഏറ്റെടുക്കേണ്ടത്.
ഇടുക്കി ജില്ലയില്‍ 33.77 ഹെക്ടറാണ് ഏറ്റെടുക്കേണ്ടത്. എട്ടു വര്‍ഷം മുമ്പ് നഷ്ടപരിഹാരമായി 128 കോടി രൂപയാണ് വകയിരുത്തിയത്. നിലവില്‍ അത് മൂന്നിരട്ടിയായി വര്‍ധിച്ചിട്ടുണ്ട്. കോട്ടയം ജില്ലയില്‍ 163 ഹെക്ടര്‍ ഏറ്റെടുത്തിട്ടുണ്ട്. നഷ്ടപരിഹാരം, പുനരധിവാസം എന്നിവയ്ക്ക് ഭാരിച്ച തുകയാണ് കണ്ടെത്തേണ്ടത്.
അലൈന്മെന്റ് പുനരവലോകനം ചെയ്യണമെന്നും പുനരധിവാസത്തിന് പദ്ധതി വേണമെന്നും യോഗത്തില്‍ നിര്‍ദേശം വന്നിട്ടുണ്ട്. തഹസില്‍ദാര്‍മാര്‍ ഉള്‍പ്പെടെ ജീവനക്കാരെ വിന്യസിച്ച് പെരുമ്പാവൂരിലും മൂവാറ്റുപുഴയിലും തൊടുപുഴയിലും പാലായിലും സ്ഥലമെടുപ്പ് ഓഫീസുകള്‍ തുറക്കാനും നടപടിയുണ്ടാകും. പദ്ധതിയില്‍ 1400 കോടി കേരളം മുടക്കേണ്ടിവരും. നിലവില്‍ പിഴക് വരെയാണ് അലൈന്മെന്റ് പൂര്‍ത്തിയായത്. പിഴകില്നിന്നും എരുമേലിവരെ ലൈന്‍ കണ്ടെത്തുകയും എത്രയും വേഗം സ്ഥലം പൂര്‍ണമായി എടുത്തുനല്‍കുകയും ചെയ്യണമെന്നാണ് നിര്‍ദേശം.
ഭൂമി ഏറ്റെടുത്താലുടന്‍ പാതനിര്‍മാണം ആരംഭിക്കുമെന്ന് റെയില്‍വേ ബോര്‍ഡ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ വിവേക് കുമാര്‍ സംസ്ഥാന ചീഫ് സെക്രട്ടറിയെ അറിയിച്ചിട്ടുണ്ട്. പദ്ധതി നടത്തിപ്പിനു മുന്നോടിയായി സംസ്ഥാന സര്‍ക്കാരും റെയില്‍വേയും റിസര്‍വ് ബാങ്കും ഉള്‍പ്പെട്ട ത്രികക്ഷി കരാര്‍ വേണമെന്ന് റെയില്‍വേ ചീഫ് എന്‍ജിനിയര്‍ നിര്‍ദേശം വച്ചിട്ടുണ്ട്.
സാമ്പത്തിക കാര്യങ്ങളില്‍ കാലതാമസം ഉണ്ടാവാതിരിക്കാനാണ് റിസര്‍വ് ബാങ്കിനെ കരാറില്‍ കക്ഷിയാക്കുന്നത്. 1997-98 കേന്ദ്ര ബജറ്റിലാണ് ശബരി റെയില്‍ പദ്ധതിക്ക് അനുമതി ലഭിച്ചത്. അങ്കമാലി, കാലടി, പെരുമ്പാവൂര്‍, ഓടക്കാലി, കോതമംഗലം, മൂവാറ്റുപുഴ, വാഴക്കുളം, തൊടുപുഴ, കരിങ്കുന്നം, രാമപുരം, ഭരണങ്ങാനം, ചെമ്മലമറ്റം, കാഞ്ഞിരപ്പള്ളി, എരുമേലി എന്നിവിടങ്ങളിലായി 14 സ്റ്റേഷനുകളാണ് വിഭാവനം ചെയ്യുന്നത്.