പൂഞ്ഞാറിൽ ആയിരം ഓണക്കോടികൾ സമ്മാനിക്കാൻ എംഎൽഎ
1588241
Sunday, August 31, 2025 11:12 PM IST
മുണ്ടക്കയം: പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ അങ്കണവാടി വർക്കർമാർ, ഹെൽപ്പർമാർ, ആശാ വർക്കർമാർ, ഹരിതകർമ സേനാംഗങ്ങൾ, പാലിയേറ്റീവ് നഴ്സുമാർ എന്നിവർക്ക് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഓണക്കോടി സമ്മാനിക്കും. സമൂഹത്തിൽ ഏറ്റവും മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കുന്നവർ എന്ന നിലയിലാണ് ഇവർക്ക് ഓണക്കോടി നൽകുന്നത്.
ഓണക്കോടി വിതരണത്തിന്റെ ഉദ്ഘാടനം പൂഞ്ഞാർ രാജകുടുംബാംഗമായ ഉഷാ വർമ തമ്പുരാട്ടി പൂഞ്ഞാറിൽ നിർവഹിക്കും. തുടർന്ന് ഓരോ പഞ്ചായത്തിലും നേരിട്ടെത്തി അതതു പഞ്ചായത്ത് കോൺഫറൻസ് ഹാളുകളിൽ സംഘടിപ്പിക്കുന്ന ഓണാഘോഷ സമ്മേളനത്തിൽ ഓണക്കോടികൾ വിതരണം ചെയ്യും.
നാളെ രാവിലെ 10ന് തീക്കോയി, 11.30ന് പൂഞ്ഞാർ തെക്കേക്കര, ഉച്ചയ്ക്ക് ഒന്നിന് പൂഞ്ഞാർ, 2.30ന് ഈരാറ്റുപേട്ട വ്യാപാരഭവൻ, വൈകുന്നേരം നാലിന് തിടനാട് എന്നിവിടങ്ങളിൽ ഓണക്കോടികൾ വിതരണം ചെയ്യും. മൂന്നിനു രാവിലെ 10ന് പാറത്തോട്, 11.30ന് കൂട്ടിക്കൽ, 2.30ന് കോരുത്തോട്, നാലിന് എരുമേലി എന്നിവിടങ്ങളിലും ഓണക്കോടികൾ വിതരണം ചെയ്യും.