കാഞ്ഞിരപ്പള്ളി-പനച്ചേപ്പള്ളി-മലബാര്‍കവല റോഡ് തകര്‍ന്നു ; ഓഫ് റോഡ് തോൽക്കും!
1588239
Sunday, August 31, 2025 11:12 PM IST
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി-പനച്ചേപ്പള്ളി-മലബാര്‍ കവല റോഡ് തകര്‍ന്നു. വെള്ളക്കെട്ടും കുഴിയുമായി യാത്രാദുരിതത്തില്‍ നാട്ടുകാർ. കയറ്റമുള്ള ഭാഗത്ത് ടാറിംഗ് തകര്‍ന്ന് കുഴി രൂപപ്പെട്ടും കല്ലുകള്‍ ചിതറിക്കിടക്കുന്ന നിലയിലുമാണ്. റോഡിലെ പനച്ചേപ്പള്ളി മുതല്‍ മലബാർകവല വരെയുള്ള ഭാഗത്താണ് ഏറെ യാത്രാദുരിതമുള്ളത്.
നിരവധി വാഹനങ്ങള്‍ കടന്നുപോകുന്നതും പ്രദേശത്തെ നിരവധി കുടുംബങ്ങള്‍ ഉപയോഗിക്കുന്നതുമായ റോഡാണ് നാളുകളായി തകർന്നുകിടക്കുന്നത്. മഴയുള്ളപ്പോള്‍ കുഴികളില്‍ വെള്ളം കെട്ടിക്കിടക്കുന്ന നിലയിലാണ്.
നിലവില്‍ കയറ്റത്ത് തകര്‍ന്നുകിടക്കുന്ന ഭാഗം കോണ്‍ക്രീറ്റ് ചെയ്യുന്നതിന് തുക അനുവദിച്ചിട്ടുണ്ട്. എന്നാല്‍, റോഡ് പൂര്‍ണമായും നവീകരിക്കുന്നതിന് ഇപ്പോൾ അനുവദിച്ചിരിക്കുന്ന തുക തികയില്ല. അഞ്ചു ലക്ഷം രൂപയാണ് നിലവില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കായി അനുവദിച്ചിരിക്കുന്നത്. മഴക്കാലത്ത് ശക്തമായ വെള്ളമൊഴുക്കുള്ള റോഡില്‍ ചില ഭാഗങ്ങളില്‍ കോണ്‍ക്രീറ്റ് ചെയ്തിട്ടുണ്ട്.
കാഞ്ഞിരപ്പള്ളി ടൗണിലെ തിരക്ക് ഒഴിവാക്കി മണ്ണാറക്കയത്തുനിന്ന് ശബരിമല പാതയായ എരുമേലി-കാഞ്ഞിരപ്പള്ളി റോഡില്‍ മലബാര്കവലയില് ചെന്നു കയറാവുന്ന റോഡാണിത്. റോഡ് ഗതാഗത യോഗ്യമാക്കുന്നതിന് അടിയന്തര നടപടി വേണമെന്ന ആവശ്യം ശക്തമാവുകയാണ്.