നാട്ടില്‍ ഓണം ഉണ്ണണോ, പോക്കറ്റ് കാലിയാക്കണം
1588235
Sunday, August 31, 2025 11:11 PM IST
കോട്ടയം: എത്ര ട്രെയിനുകള്‍ അധികം ഓടിച്ചാലും തീരില്ല ഓണത്തിന്റെ യാത്രാത്തിരക്ക്. ഓണത്തിന് നാട്ടില്‍ വന്നുപോകാന്‍ സെപ്റ്റംബര്‍ ആദ്യവാരം ഒരു ട്രെയിനിലും റിസര്‍വേഷനില്ല. ബംഗളൂരു, ചെന്നൈ, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളില്‍നിന്നുള്ള മലയാളികളെ കൊള്ളയടിക്കാന്‍ സ്വകാര്യ ടൂറിസ്റ്റ് ബസുകള്‍ സജീവമായി രംഗത്തുണ്ട്. കോട്ടയം, പത്തനംതിട്ട ജില്ലകളിലേക്ക് നൂറിലേറെ അധികം ബസുകളാണ് സ്വകാര്യ കമ്പനികള്‍ അടുത്തയാഴ്ച ഓടിക്കുന്നത്. മുന്മാസങ്ങളെക്കാള് ഇരട്ടിയാണ് ചില ബസുകള്‍ നിരക്ക് ഈടാക്കുന്നത്.
കെഎസ്ആര്‍ടിസി കോട്ടയത്തുനിന്നും അധികസര്വീസുകളൊന്നും ഓടിക്കുന്നില്ല. നിലവില്‍ ബംഗളൂരു, മൈസൂരു, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലേക്കാണ് കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുന്നത്. എല്ലാ ബസുകളിലും റിസര്‍വേഷന്‍ അവസാനിച്ചു. ഡല്‍ഹി, മുംബൈ, ഹൈദരാബാദ്, കൊല്‍ക്കത്ത തുടങ്ങിയ ഇടങ്ങളില്‍നിന്ന് ട്രെയിനുകളില്‍ റിസര്‍വേഷനില്ല. വിമാനക്കമ്പനികള്‍ക്ക് സാധാരണ നിരക്കിന്റെ ഇരട്ടിയാണ് ഓണവാരത്തിലെ ചാര്‍ജ്. ബസ് നിരക്ക് ഏകീകരിക്കാനോ നിയന്ത്രിക്കാനോ സംവിധാനമില്ലാത്തതിനാല്‍ മലയാളികളാണ് ചൂഷണത്തിന്റെ ഇരകള്‍.