ഓണത്തിരക്കേറി; കുരുങ്ങി വലഞ്ഞ് നഗരം
1587966
Sunday, August 31, 2025 2:25 AM IST
പാലാ: പാലായിലെത്തുന്നവര്‍ ഗതാഗതക്കുരുക്കില്‍ വലയുന്നു. പാലായിലെ വാഹനത്തിരക്കിന് ആശ്വാസം പകരാന്‍ നിര്‍മിച്ച ബൈപാസിലൂടെ ഇടതടവില്ലാതെ വാഹനങ്ങള്‍ പായുമ്പോള്‍ സിവില്‍ സ്റ്റേഷന് ജംഗ്ഷനില്‍ കുരുക്ക് പതിവാകുന്നു.
മെയിന്‍ റോഡിലും ടിബി റോഡിലും പ്രധാന കവലകളിലുമൊക്കെ ഗതാഗതക്കുരുക്കാണ്. ചില സ്ഥലങ്ങളില്‍ അനധികൃത പാര്‍ക്കിംഗാണ് വില്ലൻ. റോഡിന്റെ ഇരുവശത്തും വാഹനപാര്‍ക്കിംഗ് വരുന്നതോടെ ഗതാഗതം ദുഷ്കരമാകും.
കാല്‍നട യാത്രക്കാരും ബുദ്ധിമുട്ടുകയാണ്. റോഡ് മുറിച്ചുകടക്കാന്‍ ഏറെനേരം കാത്തിരിക്കണം. നഗരത്തിലെ തിരക്കേറിയ നാല്ക്കവലകളില് ഗതാഗതം നിയന്ത്രിക്കാന്‍ പോലീസും പാടുപെടുകയാണ്. ബൈപാസും പാലാ-കൂത്താട്ടുകുളം റോഡും സിവില്‍ സ്റ്റേഷന് ജംഗ്ഷനില്‍ സംഗമിക്കുന്നിടത്താണ് ഗതാഗതക്കുരുക്ക് കൂടുതല്‍ കാണപ്പെടുന്നത്. രാമപുരം, വൈക്കം, തൊടുപുഴ റോഡുകളില്‍നിന്ന് ഇവിടേക്ക് എത്തുന്ന വാഹനങ്ങള്‍ ഒന്നാകെ സിവില്‍ സ്റ്റേഷന് ജംഗ്ഷനില്‍ എത്തുമ്പോഴാണ് അഴിയാക്കുരുക്കാകുന്നത്.
സിവില്‍ സ്റ്റേഷനു മുന്നിലെ നാലുംകൂടിയ കവലയില്‍ താത്കാലികമായൊരു ട്രാഫിക് ഐലൻഡ് തീര്‍ത്തിട്ടുണ്ടെങ്കിലും ഗതാഗത നിയന്ത്രണം ഫലപ്രദമല്ല. റോഡില്‍നിന്ന് ട്രാഫിക് പോലീസ് ഗതാഗതം നിയന്ത്രിക്കുന്നുണ്ട്. പോലീസിന്റെ സാന്നിധ്യമില്ലെങ്കില്‍ പലപ്പോഴും ഗതാഗതം നിലയ്ക്കുന്ന സാഹചര്യമാണുള്ളത്.