കൊമ്പുകുത്തിയിൽ ആളെക്കൊല്ലി കാട്ടാനയുടെ വിളയാട്ടം തുടരുന്നു
1587970
Sunday, August 31, 2025 2:25 AM IST
കോരുത്തോട്: കോരുത്തോട്, പെരുവന്താനം പഞ്ചായത്തുകളുടെ വനാതിർത്തി മേഖല വിട്ടൊഴിയാതെ കാട്ടാനശല്യം. കൊമ്പുകുത്തിയിൽ കാട്ടാനയുടെ ആക്രമണത്തിൽ വയോധിക രക്ഷപ്പെട്ടത് അത്ഭുതകരമായി.
കൊമ്പുകുത്തി പടലിക്കാട്ട് ദാസന്റെ വീട്ടുവരാന്തയിലാണ് വെള്ളിയാഴ്ച രാത്രി കാട്ടാന എത്തിയത്. പകൽ മുഴുവൻ വീടിന് സമീപത്ത് കാട്ടാനയുടെ സാമീപ്യമുണ്ടായിരുന്നു. റബർകറ ഉറയൊഴിക്കുന്ന ടിൻ ഡിഷ് ഉപയോഗിച്ച് പകൽ ശബ്ദമുണ്ടാക്കി കാട്ടാനയെ അകറ്റിനിർത്തും. എല്ലാ ദിവസവും രാത്രിയാകുമ്പോൾ വീടിനോട് ചേർന്ന് പുരയിടത്തിൽ ആഴികൂട്ടിയാണ് വന്യമൃഗങ്ങളെ അകറ്റുന്നത്.
എന്നാൽ വെള്ളിയാഴ്ച പകൽ മുഴുവൻ പരിസരത്ത് ആനയുടെ സാമീപ്യമുണ്ടായിരുന്നതിനാൽ വൃദ്ധദമ്പതികളായ ദാസനും ഭാര്യ പുഷ്പയും ഏറെ കരുതലോടെയാണ് ഇരുന്നത്. രാത്രി 11 ഓടെ വീടിന് പുറത്ത് ആനയുടെ സാന്നിധ്യം മനസിലാക്കി. ശബ്ദമുണ്ടാക്കി ആനയെ ഓടിക്കാനായി വരാന്തയിൽ സൂക്ഷിച്ചിരുന്ന ടിൻ ഡിഷ് എടുക്കാൻ പുറത്തിറങ്ങിയ പുഷ്പയുടെ നേരേ കാട്ടാന പാഞ്ഞടുക്കുകയായിരുന്നു.
ആന ഓടിവരുന്നതുകണ്ട് ദാസൻ പുഷ്പയെ വലിച്ചുമാറ്റിയതിനാൽ ആനയുടെ ആക്രമണത്തിൽ അകപ്പെടാതെ പുഷ്പ അത്ഭുതകരമായി രക്ഷപ്പെട്ടു. വീടിന്റെ വരാന്തയിൽവരെ കയറിയ കാട്ടാന പിന്നീട് പിൻവാങ്ങി. ജീവൻ തിരിച്ചുകിട്ടിയെങ്കിലും സ്വന്തം വീട്ടിൽ ഇനി എങ്ങനെ അന്തിയുറങ്ങുമെന്ന ആശങ്കയാണ് ഈ വൃദ്ധ ദമ്പതികൾ പങ്കുവയ്ക്കുന്നത്.
വ്യാഴാഴ്ച കൊമ്പുകുത്തിയിൽ പുളിക്കൽ പത്മനാഭപിള്ളയുടെ വീട്ടുമുറ്റത്ത് കാട്ടാനയെത്തി. ആനയെ കണ്ട് വീട്ടുകാർ നിലവിളിച്ചതോടെ പാഞ്ഞടുത്ത കാട്ടാന പത്മനാഭപിള്ളയുടെ വീടിന്റെ കതക് തകർത്തു. മേശ, കട്ടിൽ, ടിവി, അലമാര അടക്കമുള്ള വീട്ടുപകരണങ്ങളും തകർത്തു. വീട്ടുകാർ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.
ജനവാസമേഖലയിൽ എത്തുന്നത് കൊലയാനയോ?
കൊമ്പുകുത്തി മേഖലയോട് ചേർന്നുകിടക്കുന്ന ചെന്നപാറയിൽ കഴിഞ്ഞ ഫെബ്രുവരിയിൽ കാട്ടാനയുടെ ആക്രമണത്തിൽ വീട്ടമ്മ കൊല്ലപ്പെട്ടിരുന്നു. ഇതിന് സമീപത്തായി കഴിഞ്ഞ മാസം റബർ ടാപ്പിംഗ് തൊഴിലാളിയും കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഏതാനും മാസങ്ങൾക്കുമുമ്പ് ഈ വനാതിർത്തിയുടെ ഭാഗമായ പീരുമേട്ടിൽ ആദിവാസി സ്ത്രീയെ കാട്ടാന ആക്രമിച്ചു കൊന്നിരുന്നു. ജനവാസ മേഖലയിലെത്തി പതിവായി ആക്രമണം നടത്തുന്നത് ഒറ്റതിരിഞ്ഞ് നടക്കുന്ന മോഴയാനയാണെന്ന് നാട്ടുകാർ പറയുന്നുണ്ടെങ്കിലും ഇത് സ്ഥിരീകരിക്കാൻ വനംവകുപ്പ് തയാറാകുന്നില്ല.
മൂന്ന് മനുഷ്യജീവനുകൾ കവർന്ന ആനയെ പിടികൂടി മറ്റ് സ്ഥലത്തേക്ക് വിടേണ്ട ഭാരിച്ച ചുമതല അധികാരികൾ ഏറ്റെടുക്കേണ്ടിവരുമെന്നതാണ് വനംവകുപ്പിന്റെ പ്രശ്നം. ഇനിയൊരു മനുഷ്യ ജീവൻ നഷ്ടമാകുമ്പോഴും പതിവ് ന്യായീകരണങ്ങളുമായി അധികാരികൾ എത്തുവാനാണ് സാധ്യത.
നാളുകളായി തുടരുന്ന കാട്ടാനശല്യം
കാട്ടാനകൾ ജനവാസ മേഖലയിൽ ആക്രമണം നടത്താൻ തുടങ്ങിയിട്ട് വർഷങ്ങൾ കഴിഞ്ഞു. വന്യമൃഗങ്ങളെ അകറ്റാൻ കോടികൾ മുടക്കിയുള്ള പ്രതിരോധ സംവിധാനങ്ങൾ നടത്തുമെന്നാണ് അധികാരികൾ വാഗ്ദാനം ചെയ്യുന്നത്.
എന്നാൽ എല്ലാം പ്രഖ്യാപനങ്ങളിൽ മാത്രം ഒതുങ്ങുകയാണ്. വന്യഗങ്ങളെ പ്രതിരോധിക്കുവാനായി നിർമിച്ചിരിക്കുന്ന ട്രഞ്ചുകൾ മറികടന്നാണ് കാട്ടാനകൾ എത്തുന്നതെന്ന് നാട്ടുകാർ പറയുന്നു. കരാർ ഏൽപ്പിച്ച് അശാസ്ത്രീയ നിർമാണം നടത്തി ജനങ്ങളുടെ കണ്ണിൽ പൊടിയിടുകയാണെന്ന ആക്ഷേപവും പ്രദേശവാസികൾ പങ്കുവയ്ക്കുന്നുണ്ട്.
വനംമന്ത്രിക്ക് കത്ത് നൽകി സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ
കോരുത്തോട് പഞ്ചായത്തിലെ കൊമ്പുകുത്തിയിലും സമീപപ്രദേശങ്ങളായ ചെന്നാപ്പാറ, മതമ്പ, തുടങ്ങിയ പ്രദേശങ്ങളിലും ആക്രമണം നടത്തുന്ന കാട്ടാനയെ പിടികൂടാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വനംമന്ത്രി എ.കെ. ശശീന്ദ്രന് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ കത്ത് നൽകി.
മറ്റ് സ്ഥലങ്ങളിൽ മനുഷ്യജീവന് ഭീഷണിയായ ആനകളെ പിടികൂടിയതുപോലെ കൊമ്പുകുത്തി മേഖലയിലും ഭീഷണി ഉയർത്തുന്ന കാട്ടാനയെ പിടികൂടണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.
കൂടാതെ വനാതിർത്തിയിൽ നടന്നുവരുന്ന ഹാംഗിംഗ് ഫെൻസിംഗ് നിർമാണം എത്രയും വേഗം പൂർത്തീകരിക്കണമെന്നും 20ലധികം വരുന്ന കാട്ടാനക്കൂട്ടത്തെ ഉൾക്കാട്ടിലേക്ക് തിരിച്ചയയ്ക്കണമെന്നും ജനങ്ങളുടെ ജീവനും സ്വത്തിനും മതിയായ സംരക്ഷണം ഉറപ്പുവരുത്തണമെന്നും എംഎൽഎ മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.