കാർ കെട്ടിടത്തിലേക്ക് ഇടിച്ചുകയറി യുവാവ് മരിച്ചു
1587972
Sunday, August 31, 2025 2:25 AM IST
കാഞ്ഞിരപ്പള്ളി: കാർ നിയന്ത്രണം വിട്ട് കെട്ടിടത്തിലേക്ക് ഇടിച്ചുകയറി ഒരാൾ മരിച്ചു. തമ്പലക്കാട് പടിഞ്ഞാറേകീച്ചേരി രാജ്മോഹന്റെ മകൻ അഭിജിത്ത് (34) ആണ് മരിച്ചത്. അപകടത്തിൽ അഭിജിത്തിന്റെ സഹോദരി ആതിര (30), ഭർത്താവ് വിഷ്ണു പ്രസാദ് (30), അയൽവാസി ആലപ്പാട്ടുവയലിൽ ദീപു ഗോപാലകൃഷ്ണൻ (30), വിഷ്ണുവിന്റെ ബന്ധു ഹരി (26) എന്നിവർക്ക് പരിക്കേറ്റു. ഇവരെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകി.
വെള്ളിയാഴ്ച രാത്രി 11.15ഓടെ കാഞ്ഞിരപ്പള്ളി കുന്നുംഭാഗത്തായിരുന്നു അപകടം.
തന്പലക്കാടുള്ള അഭിജിത്തിന്റെ വീട്ടിൽനിന്ന് ചിറക്കടവിലുള്ള വിഷ്ണുവിന്റെ വീട്ടിലേക്ക് പോകുംവഴിയാണ് അപകടമുണ്ടായത്. നിയന്ത്രണംവിട്ട കാർ കുന്നുംഭാഗം ജനറൽ ആശുപത്രി പടിക്ക് മുൻവശമുള്ള സ്കാൻറോൺ ലാബിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ കാർ പൂർണമായി തകർന്നു. ദീപുവിന്റെ പരിക്ക് ഗുരുതരമായതിനാൽ പാലാ മാർ സ്ലീവാ മെഡിസിറ്റിയിലേക്ക് മാറ്റി.
വ്യാഴാഴ്ചയായിരുന്നു ആതിരയുടെയും വിഷ്ണുവിന്റെയും കല്യാണം. അഭിജിത്ത് ബാംഗളൂരിൽ സ്വകാര്യ കന്പനിയിലാണ് ജോലി. മാതാവ്: ഇന്ദിര. അഭിജിത്തിന്റെ സംസ്കാരം വീട്ടുവളപ്പിൽ നടത്തി.