വലിയകുളം ജംഗ്ഷന് വികസനം : നിവേദനവും പ്രചാരണവുമായി അസോസിയേഷനുകൾ
1587950
Saturday, August 30, 2025 7:36 AM IST
ചങ്ങനാശേരി: വലിയകുളം ജംഗ്ഷന്റെ വികസനത്തിനായി നിവേദനവും പ്രചാരണവുമായി 10 റെസിഡന്റ്സ് അസോസിയേഷനുകളുടെ കൂട്ടായ്മ രംഗത്ത്. വലിയകുളം-പാത്തിക്കല്‍ മുക്ക് റോഡിന്റെ വലിയകുളം ജംഗ്ഷന് ഭാഗം വീതി കൂട്ടിയാലേ അപകടങ്ങള്‍ ഒഴിവാകൂവെന്നും റോഡ് വികസനത്തിന് തടമായിയി നില്‍ക്കുന്നത് സര്‍ക്കാര്‍ വക കുളം പുറമ്പോക്ക് ഭൂമിയില്‍ നിയമ വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന തടിമില്ലും അനുബന്ധ സ്ഥാപനമാണെന്നും റെസിഡന്റ് അസോസിയേഷന് ചൂണ്ടിക്കാട്ടുന്നു.
അനധികൃത കൈവശക്കാരെ ഒഴിപ്പിച്ച് വലിയകുളം ജംഗ്ഷന്റെ വികസനത്തിനായി വലിയകുളം വികസന സമിതി കണ്‍വീനര്‍ സണ്ണി സക്കറിയാസ് കണ്ടത്തിപ്പറമ്പില്‍ പതിറ്റാണ്ടുകളായി നടത്തിയ നിയമ പോരാട്ടങ്ങളുടെ ഫലമായി കൈയേറ്റം ഒഴിവാക്കാന്‍ ആവശ്യമായ സര്‍ക്കാര്‍ ഉത്തരവുകള്‍ സമ്പാദിച്ചിരുന്നു. എന്നാല്‍ ഈ ഉത്തരവുകള്‍ നടപ്പിലാക്കാന്‍ പഞ്ചായത്ത്, താലൂക്ക്, ജില്ലാ തലത്തിലുള്ള അധികാരികള്‍ ഗുരുതരവീഴ്ച വരുത്തിയതിനാല്‍ നടപടികള്‍ അനിശ്ചിതത്വത്തിലാണ്.
വലിയകുളം-പാത്തിക്കല്മുക്ക് റോഡ്, വാഴൂര്‍ റോഡില്‍ ചേരുന്ന ഭാഗത്ത് തടിമില്ല് സ്ഥിതി ചെയ്യുന്ന സ്ഥലത്തെ വളവ് നിവര്‍ത്തി വീതി കൂട്ടാന്‍ 1996ല്‍ വകുപ്പ് 4.5 സെന്റ് സ്ഥലം അനുവദിച്ച് അലോട്ട്മെന്റ് നടത്തിയിരുന്നു. ജംഗ്ഷന്റെ വികസനത്തിന് തടസം നില്ക്കുന്ന തടിമില്ല് പൊളിച്ചുനീക്കി റോഡ് വീതികൂട്ടി അപകടങ്ങള്‍ ഒഴിവാക്കി യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും സുരക്ഷ ഒരുക്കണമെന്ന് മുന്‍പഞ്ചായത്ത് പ്രസിഡന്റിന്റെ റിപ്പോര്‍ട്ടുമുണ്ട്.
മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും നിവേദനം സമര്‍പ്പിക്കും
വലിയകുളം ജംഗ്ഷന് വികസനത്തിനുള്ള നിവേദനങ്ങളും പ്രചാരണങ്ങള്‍ക്കും വലിയകുളം, പേള്‍ ഗാര്ഡന്, ഗ്രീന്‍ഗാര്‍ഡന്‍, പ്രത്യാശ, റോസ് ഗാര്ഡന്, ജ്യോതിസ്, ശാന്തിനഗര്‍, ലൗഷോര്‍, ഡിവൈന്‍നഗര്‍ റസിഡന്റ്സ് അസോസിയേഷനുകളാണ് നേതൃത്വം നല്‍കുന്നത്.
ഇതിനായി ഒപ്പുശേഖരണം നടത്തി മുഖ്യമന്ത്രി, റവന്യു, തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രിമാര്‍, കൊടിക്കുന്നില്‍ സുരേഷ് എംപി, ജോബ് മൈക്കിള്‍ എംഎല്‍എ, കോട്ടയം ജില്ലാ കളക്ടര്‍, വാഴപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് എന്നിവര്‍ക്ക് സമര്‍പ്പിക്കും.
സോജപ്പന്‍ മാത്യു
വലിയകുളം റെസിഡന്റ്സ്
അസോസിയേഷൻ പ്രസിഡന്റ്,
ഇമ്മാനുവേല്‍ വര്‍ഗീസ്
ഗ്രീന്‍ഗാര്‍ഡന്‍ റെസിഡന്റ്സ്
അസോസിയേഷൻ പ്രസിഡന്റ്