സംസ്ഥാന യോഗ ചാമ്പ്യന്‍ഷിപ്: തൃശൂര്‍ ജേതാക്കൾ
1588244
Sunday, August 31, 2025 11:12 PM IST
പാലാ: പത്താമത് സംസ്ഥാന യോഗ ചാമ്പ്യന്‍ഷിപ്പില്‍ സീനിയര്‍ വിഭാഗത്തില്‍ 118 പോയിന്റോടെ തൃശൂര്‍ ഓവറോള്‍ ചാമ്പ്യന്മാരായി. 114 പോയിന്റോടെ കണ്ണൂര്‍ രണ്ടാംസ്ഥാനവും 26 പോയിന്റോടെ കോഴിക്കോട് മൂന്നാം സ്ഥാനവും നേടി. സബ് ജൂണിയര്‍, ജൂണിയര്‍ വിഭാഗങ്ങളില്‍ 75 പോയിന്റോടെ കണ്ണൂർ ജേതാക്കളായി. തൃശൂര്‍, തിരുവനന്തപുരം ടീമുകള്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. സീനിയര്‍ വിഭാഗത്തിൽ യഥാക്രമം തൃശൂർ, കണ്ണൂര്‍, കോഴിക്കോട് ജില്ലകള്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.
പാലാ സെന്റ് തോമസ് കോളജ് സ്പോര്‍ട്സ് കോംപ്ലക്സില്‍ ചേര്‍ന്ന സമാപനച്ചടങ്ങില്‍ ജോസ് കെ. മാണി എംപി വിജയികള്‍ക്ക് ട്രോഫികളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് വര്‍ഗീസ് ഗുരുക്കള്‍ അധ്യക്ഷത വഹിച്ചു.
പാലാ നഗരസഭാ ചെയര്മാന് തോമസ് പീറ്റര്‍, ഡോ. കെ.രാജഗോപാല്‍, യോഗ അസോസിയേഷന് ഓഫ് കേരള സംസ്ഥാന വൈസ് പ്രസിഡന്റ് ബാലകൃഷ്ണസ്വാമി പിണറായി, സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയംഗം ജെ.എസ്. ഗോപന്, ജോയിന്റ് സെക്രട്ടറി കെ.എസ്. ഷീജ തുടങ്ങിയവര്‍ പ്രസംഗിച്ചു.