മുക്കൂട്ടുതറ പബ്ലിക് ലൈബ്രറിയിൽ സ്മാരകഹാള്‍ ഉദ്ഘാടനം
1588242
Sunday, August 31, 2025 11:12 PM IST
മുക്കൂട്ടുതറ: 1967 മുതൽ പ്രവർത്തിക്കുന്ന മുക്കൂട്ടുതറയിലെ പബ്ലിക് ലൈബ്രറിയിൽ നിർമാണം പൂർത്തിയായ എം.ടി. പുല്ലാട്ട് സ്മാരക ഹാള്‍ മൂന്നിന് ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു. ലൈബ്രറി മുന്‍ പ്രസിഡന്റ് അന്തരിച്ച എം.ടി. പുല്ലാട്ടിന്റെ സ്മരണയ്ക്കായി അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ സഹായത്തോടെ നിര്‍മിച്ചതാണ് സ്മാരക ഹാള്‍.
മൂന്നിന് ഉച്ചകഴിഞ്ഞ് 3.30നു നടക്കുന്ന സമ്മേളനത്തിൽ റാന്നി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് എം.വി. പ്രസന്നന് സ്മാരക ഹാൾ ഉദ്ഘാടനം ചെയ്യും. പൊതുസമ്മേളനം പ്രമോദ് നാരായൺ എംഎല്‍എ ഉദ്ഘാടനം ചെയ്യും. ലൈബ്രറി പ്രസിഡന്റ് എം.സി. മാത്യു അധ്യക്ഷത വഹിക്കും. കലാവേദിയുടെ ഉദ്ഘാടനം സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ നിര്‍വഹിക്കും. വീടുകളില്‍ പുസ്തകം എത്തിക്കുന്ന "വായനാവസന്തം' പദ്ധതിയുടെ ഉദ്ഘാടനം പത്തനംതിട്ട ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് കെ.പി. രാധാകൃഷ്ണന് നിര്‍വഹിക്കും. കരുണ പാലിയേറ്റ് പദ്ധതിയുടെ ആംബുലന്‍സിന്റെ ഫ്ലാഗ് ഓഫ് കർമം വെച്ചൂച്ചിറ പഞ്ചായത്ത് പ്രസിഡന്റ് ഇ.വി. വര്‍ക്കി നിര്‍വഹിക്കും.
92-ാം വയസിലും മികച്ച വായനക്കാരന് എന്ന ബഹുമതി നേടിയ തോമസ് നടുവിലാത്തിനെ ചടങ്ങില്‍ ആദരിക്കും. ലൈബ്രറിയുടെ ആദ്യകാല സംഘാടകരായ വി.സി. കുട്ടപ്പന്, വി.സി. ജോസഫ്, കെ.പി. ശ്രീധരന്, എന്‍.എ. തോമസ്, പി.കെ. ജോസഫ് എന്നിവര്‍ക്ക് ലൈബ്രറിയുടെ ബഹുമതിപത്രം നല്‍കും.
രാത്രി ഏഴിന് ടെലിവിഷന്‍ താരങ്ങളുടെ സംഗമവും നടക്കുമെന്ന് ലൈബ്രറി പ്രസിഡന്റ് പ്രഫ. എം.സി. മാത്യു, സെക്രട്ടറി പി.സി. ഉലഹന്നാന്, കണ്‍വീനര്‍ എം.ടി. സുരേന്ദ്രന്‍പിള്ള എന്നിവര്‍ അറിയിച്ചു.