ഫാ. സി.ടി. വയലില്‍: കരുണാര്‍ദ്ര സ്നേഹം ചൊരിഞ്ഞ വൈദികന്
1587930
Saturday, August 30, 2025 7:16 AM IST
ചങ്ങനാശേരി: അശരണര്‍ക്കും നിര്‍ധനകുടുംബങ്ങള്‍ക്കും ആശ്വാസം പകര്‍ന്ന ഫാ. സി.ടി. വയലില്‍ വിടവാങ്ങി. എസ്ബി കോളജിലെ മലയാളംവിഭാഗം അധ്യാപകനായിരുന്ന വയലിലച്ചന്റെ മലയാളം ക്ലാസുകള്‍ വിദ്യാര്‍ഥികള്‍ ഏറെ ഇഷ്ടപ്പെട്ടിരുന്നു. 12 വര്‍ഷം വടവാതൂര്‍ സെമിനാരിയിലും എട്ടുവര്‍ഷം എസ്ബി കോളജിലും അധ്യാപകനായിരുന്നു. സഹഅധ്യാപകര്‍ക്ക് പ്രിയപ്പെട്ട സുഹൃത്തായിരുന്നു.
പൗരോഹിത്യ സ്വീകരണത്തിന്റെ അറുപതാം വാര്‍ഷികം ലഘൂകരിച്ച് ആറു കുടുംബങ്ങള്‍ക്ക് വയലിലച്ചന് വീടുകള്‍ നിര്‍മിച്ചുനല്‍കിയിരുന്നു. മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ, ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം, മാര്‍ മാത്യു അറയ്ക്കല്‍ എന്നിവര്‍ വയലിലച്ചന്റെ ശിഷ്യന്മാരാണ്. ദിവംഗതനായ മാര്‍ ജോസഫ് പവ്വത്തില്‍ സഹപാഠിയായിരുന്നു.
പ്രശസ്ത വാഗ്മിയായിരുന്ന വയലിലച്ചന്റെ ശാന്തവും സരസവുമായ പ്രഭാഷണങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കരിസ്മാറ്റിക് പ്രസ്ഥാനത്തിന്റെ തുടക്കക്കാരില്‍ ഒരാളുമാണ് ഫാ. തോമസ് വയലില്‍ എന്ന സി.ടി. വയലില്‍.
അയര്‍ക്കുന്നം വയലില്‍ പരേതരായ ചാക്കോ പൈലോ, ഏലിയാമ്മ ദമ്പതികളുടെ മകനായി 1934 ഓഗസ്റ്റ് ആറിന് ജനിച്ചു. പൂന പേപ്പല്‍ സെമിനാരിയില്‍ വൈദിക പഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം 1963 സെപ്റ്റംബര്‍ 21ന് പൗരോഹിത്യം സ്വീകരിച്ചു.
ഫാ. സി.ടി. വയലിലിന്റെ സംസ്കാരശുശ്രൂഷകള്‍ ഇന്ന് ഉച്ചയ്ക്ക് ഒന്നിന് അയര്‍ക്കുന്നം മെത്രാഞ്ചേരിലുള്ള സഹോദരപുത്രന് വയലില്‍ സാജുവിന്റെ ഭവനത്തില്‍ ഷംഷാബാദ് സഹായമെത്രാന്‍ മാര്‍ തോമസ് പാടിയത്തിന്റെ കാര്‍മികത്വത്തില്‍ ആരംഭിക്കും. തുടർന്ന് 2.30ന് അയര്‍ക്കുന്നം സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍ ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍, ആര്‍ച്ച്ബിഷപ് എമെരിറ്റസ് മാര്‍ ജോസഫ് പെരുന്തോട്ടം എന്നിവരുടെ മുഖ്യകാര്‍മികത്വത്തിലുള്ള സമൂഹബലിയെത്തുടര്‍ന്ന് മൃതദേഹം സംസ്കരിക്കും.