അങ്കണവാടികളില്‍ ബിരിയാണി വിതരണം
1588162
Sunday, August 31, 2025 7:17 AM IST
കുറുപ്പന്തറ: മാഞ്ഞൂര്‍ പഞ്ചായത്തിലെ മുഴുവന്‍ അങ്കണവാടികളിലും സൗജന്യമായി ബിരിയാണി വിതരണം ചെയ്ത് പഞ്ചായത്തംഗം. മാഞ്ഞൂര്‍ പഞ്ചായത്ത് ഒമ്പതാം വാര്‍ഡംഗം ബിനോയി ഇമ്മാനുവേലാണ് കോതനല്ലൂരിലെ ബേക്ക് ഹൗസ് ഉടമ ലിന്‍സ് ജോണിന്റെ സഹകരണത്തോടെ ചിക്കന്‍ ബിരിയാണി വിതരണം ചെയ്തത്.
അങ്കണവാടികളിലെ ഭക്ഷണമെനുവില്‍ ബിരിയാണിയും ഉള്‍പെടുത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും മാഞ്ഞൂരിലെ അങ്കണവാടികളില്‍ ഇതുവരെ കുട്ടികള്‍ക്ക് ബിരിയാണി നല്‍കിയിരുന്നില്ല. ഇതാണ് മുഴുവന്‍ അങ്കണവാടികളിലും ബിരിയാണി എത്തിച്ചു നല്കാന് പ്രേരിപ്പിച്ചതെന്നു ബിനോയി പറഞ്ഞു.
പഞ്ചായത്തിലെ 40 അങ്കണവാടികളിലെയും കുട്ടികള്‍ക്കും അധ്യാപകര്‍ക്കുമായി 410 ബിരിയാണിയാണ് നല്‍കിയത്. ലിന്‍സ് ജോണിന്റെ നേതൃത്വത്തിലാണ് ബിരിയാണി തയാറാക്കിയത്.
ചാമക്കാല അങ്കണവാടിയില്‍ നടന്ന ചടങ്ങില്‍ സിനിമാതാരം അനൂപ് ചന്ദ്രനും ബേക്ക് ഹൗസ് ഉടമ ലിന്‍സ് ജോണും ചേര്‍ന്ന് ബിരിയാണി അങ്കണവാടി അധികൃതര്‍ക്ക് കൈമാറി.
പഞ്ചായത്തംഗം ബിനോയ് ഇമ്മാനുവേല്‍ അധ്യക്ഷത വഹിച്ചു. കെ.വി. രാജേഷ്, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ ആര്.രഹ്ന, മാതാപിതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.