വിജയാശംസകളുമായി ചങ്ങനാശേരി ജനാവലി; നെഹ്റു ട്രോഫി സ്വന്തമാക്കാന്‍ ചങ്ങനാശേരി ബോട്ട് ക്ലബ്
1587948
Saturday, August 30, 2025 7:30 AM IST
ചങ്ങനാശേരി: ഇന്ന് പുന്നമടക്കായലില്‍ നടക്കുന്ന ആവേശകരമായ നെഹ്റുട്രോഫി വള്ളംകളിയില്‍ മിന്നിത്തിളങ്ങി ട്രോഫി സ്വന്തമാക്കാന്‍ ചങ്ങനാശേരി ബോട്ട് ക്ലബ്. വിജയാശംസകളും പ്രാര്‍ഥനകളുമായി ചങ്ങനാശേരി ജനത. ദീര്ഘനാളുകളിലെ തീവ്ര പരിശീലനത്തെത്തുടര്ന്നാണ് ചങ്ങനാശേരി ക്ലബ്ബിന്റെ ചുണക്കുട്ടന്മാര് ജലരാജന്‍ ചമ്പക്കുളം ചുണ്ടനില്‍ തുഴയെറിയുന്നത്.
ചങ്ങനാശേരി റേഡിയോ മീഡിയ വില്ലേജ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോഫി പുതുപ്പറമ്പില്‍, ബര്‍സാര്‍ ഫാ. ലിബിന് തുണ്ടുകളം എന്നിവരുടെ മേല്‍നോട്ടത്തില്‍ സണ്ണിച്ചന് ഇടിമണ്ണിക്കല്‍ ക്യാപ്റ്റന്‍, ബൈജപ്പന്‍ ലീഡിംഗ് ക്യാപ്റ്റന്‍, 12 ഓര്‍ഗനൈസിംഗ് കമ്മിറ്റിയംഗങ്ങള്‍ എന്നിവരടങ്ങുന്ന സമിതിയാണ് ചങ്ങനാശേരി ബോട്ട് ക്ലബ്ബിന്റെ സംഘാടക സമിതിയംഗങ്ങള്‍. തെരഞ്ഞെടുക്കപ്പെട്ട 85 പേരാണ് തുഴച്ചില്‍കാര്‍. ഒമ്പതു നിലക്കാരും അഞ്ച് പങ്കായക്കാരും ഉണ്ടാകും.
15 ഡയറക്ടര്‍ ബോര്‍ഡംഗങ്ങളും അറുനൂറിലേറെയുള്ള ഫാന്‍സ് അസോസിയേഷനും ചങ്ങനാശേരി ബോട്ട് ക്ലബ്ബിന്റെ വിജയത്തിനായി ഊണും ഉറക്കവുമില്ലാതെ പ്രോത്സാഹനവുമായി രംഗത്തുണ്ട്. കഴിഞ്ഞതവണ ആദ്യമായി ചങ്ങനാശേരി നെഹ്റുട്രോഫി വള്ളംകഴിക്കെത്തിയ ചങ്ങനാശേരി ബോട്ട് ക്ലബ് വലിയ ദിവാന്‍ജി ചുണ്ടനില്‍ തുഴഞ്ഞ് സിബിഎല്‍ യോഗ്യത നേടിയിരുന്നു.
നഗരത്തിന് ആവേശം പകര്‍ന്ന് വിളംബരറാലി
ചങ്ങനാശേരി ബോട്ട് ക്ലബ്ബിനും ചമ്പക്കുളം ചുണ്ടനും വിജയാശംസകള്‍ നേര്‍ന്ന് ചങ്ങനാശേരിയില്‍ വിളംബര റാലി സംഘടിപ്പിച്ചു. മീഡിയാ വില്ലേജ് അങ്കണത്തില്‍നിന്നു അഞ്ച് വിളക്ക് സ്ക്വയറിലേക്കായിരുന്നു റാലി. തൃക്കൊടിത്താനം എസ്എച്ച്ഒ എം.ജെ. അരുണ്‍ റാലി ഫ്ളാഗ് ഓഫ് ചെയ്തു.
ജോബ് മൈക്കിള്‍ എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി. സിബിസി രക്ഷാധികാരി ഫാ. സെബാസ്റ്റ്യന്‍ പുന്നശേരി, ക്യാപ്റ്റന്‍ സണ്ണി ഇടിമണ്ണിക്കല്‍, മീഡിയ വില്ലേജ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോഫി പുതുപ്പറമ്പ്, ബര്‍സാര്‍ ഫാ. ലിബിന് തുണ്ടുകളം, ചങ്ങനാശേരി മര്‍ച്ചന്റസ് അസോസിയേഷന് പ്രസിഡന്റ് ജോണ്സണ് പ്ലാന്തോട്ടം, റാലി കോ-ഓര്‍ഡിനേറ്റര്‍ ജോബി തൂമ്പുങ്കല്‍, ബോട്ട്ജെട്ടി വികസനസമിതി എക്സിക്യൂട്ടീവംഗം കെ.എസ്. ആന്റണി എന്നിവര്‍ പ്രസംഗിച്ചു.