മണര്‍കാട് കവലയിലെ നവീകരിച്ച കുരിശുപള്ളിയുടെ കൂദാശയും പരിചമുട്ടുകളി അരങ്ങേറ്റവും ഇന്ന്
1587935
Saturday, August 30, 2025 7:16 AM IST
മണര്‍കാട്: സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിന്റെ മണര്‍കാട് കവലയിലെ നവീകരിച്ച കുരിശുപള്ളിയുടെ കൂദാശയും പരിചമുട്ടുകളിയുടെ അരങ്ങേറ്റവും ഇന്നു നടക്കും. കുരിശുപള്ളിയുടെ കൂദാശ വൈകുന്നേരം അഞ്ചിന് സന്ധ്യാപ്രാര്‍ഥനയെത്തുടര്‍ന്ന് ഡോ. തോമസ് മാര്‍ തിമോത്തിയോസ് മെത്രാപ്പോലീത്താ നിര്‍വഹിക്കും.
കുരിശുപള്ളിയുടെ റൂഫിംഗ് നവീന രീതിയിലേക്ക് മാറ്റി. ഇരുവശങ്ങളിലെയും ജനലുകളുടെ വലിപ്പംകൂട്ടി ഗ്ലാസ് ഇട്ടു. ഇതോടെ കെകെ റോഡിലൂടെയും പാലാ റോഡിലൂടെയും പോകുന്നവര്‍ക്ക് കുരിശുപള്ളിക്കുള്ളിലെ മാതാവിന്റെയും ഉണ്ണിയേശുവിന്റെയും ചിത്രം ദര്‍ശിക്കാന്‍ സാധിക്കും. എല്‍ഇഡി സ്ട്രിപ്പ് ലൈറ്റ്, സ്പോട്ട് ലൈറ്റ് തുടങ്ങി ആധുനിക രീതിയിലുള്ള വെളിച്ച സംവിധാനങ്ങളും സ്ഥാപിച്ചു.
കത്തീഡ്രലിന്റെ ആഭിമുഖ്യത്തില്‍ പ്രാചീന ക്രിസ്തീയ കലാരൂപമായ പരിചമുട്ടുകളി അഭ്യസിച്ച ഇടവകയിലെ കുട്ടികളുടെ അരങ്ങേറ്റം ഇന്നു വൈകുന്നേരം 6.30ന് കത്തീഡ്രല്‍ അങ്കണത്തില്‍ നടക്കും. ഇടവകയിലെ 50ലധികം കുട്ടികളാണ് മൂന്നു മാസം നീണ്ടുനിന്ന പരിശീലനത്തിലൂടെ പരിചമുട്ടുകളി അഭ്യസിച്ചത്.