കെഎസ്ആര്‍ടിസിയുടെ ഓണസമ്മാനം
1588236
Sunday, August 31, 2025 11:11 PM IST
കോട്ടയം: കെഎസ്ആര്‍ടിസിയുടെ ഓണസമ്മാനമായി ജില്ലയ്ക്കു മൂന്നു ബസുകള്‍. ബാക്കി ബസുകള്‍ ഓണം കഴിഞ്ഞ് പുറകെയെത്തും. പുതിയതായി എത്തിയ രണ്ടു ഫാസ്റ്റ് പാസഞ്ചര്‍ ബസും പാലാ ഡിപ്പോയ്ക്കാണ്. പാലായില്‍നിന്നു മൈസൂര്‍ക്ക് സ്പെഷല്‍ സര്‍വീസ് നടത്തുന്നതിനായിട്ടാണ് ബസ് എത്തിയത്. ഇന്നുമുതല്‍ ബസ് സര്‍വീസ് ആരംഭിക്കും. 15 വരെ സര്‍വീസുണ്ടാകും.
സ്പെഷല്‍ സര്‍വീസിനു ശേഷം പാലാ-മൈസൂരായി സര്‍വീസ് നടത്താന്‍ ബസ് ഉപയോഗിക്കാനുള്ള ശ്രമത്തിലാണ് ഡിപ്പോ അധികൃതര്‍. ബംഗളൂരുവിനുള്ള സ്പെഷല്‍ സര്‍വീസിനായി പുതിയ എസി ബസ് കോട്ടയം ഡിപ്പോയില്‍ ഇന്നു വൈകുന്നേരം എത്തും. സ്പെഷല്‍ സര്‍വീസ് കഴിയുമ്പോള്‍ കോട്ടയത്തുനിന്നുള്ള ബംഗളൂരു സര്‍വീസിനായി ബസ് ഉപയോഗിക്കും.
കോട്ടയം ഡിപ്പോയ്ക്ക് ഒരു ഫാസ്റ്റ് പാസഞ്ചര്‍ ബസും ഒരു സൂപ്പര്‍ ഫാസ്റ്റും ഉടന്‍ എത്തും. സൂപ്പര്‍ഫാസ്റ്റ് കോട്ടയം-കൊന്നക്കാട് സര്‍വീസിനും ഫാസ്റ്റ് പാസഞ്ചര്‍ ബസ് കോട്ടയം-ബൈസന്‍വാലി സര്‍വീസിനും ഉപയോഗിക്കും.
ബസുകളുടെ രണ്ടാം ഘട്ട വിതരണത്തില്‍ ചങ്ങനാശേരി, പൊന്‍കുന്നം, വൈക്കം, എരുമേലി ഡിപ്പോകള്‍ക്ക് ബസ് കിട്ടുമെന്ന പ്രതീക്ഷയിലാണ്. കോട്ടയം ഡിപ്പോയില്‍ നാലു ബസുകള്ക്കുവരെ അപേക്ഷ നല്‍കിയിരുന്നു.
ഓണക്കാലത്തെ തിരക്ക് കണക്കിലെടുത്ത് കെഎസ്ആര്‍ടിസി സ്പെഷല്‍ സര്‍വീസുകള്‍ ആരംഭിച്ചിട്ടുണ്ട്. കോട്ടയം ഡിപ്പോയില്‍നിന്ന് രണ്ടു സര്‍വീസുകള്‍ പാലക്കാട്, കോയമ്പത്തൂര്‍, സേലം വഴി ബംഗളൂരുവിലേക്കും പാലായില്‍നിന്ന് ഒരു സര്‍വീസ് കോഴിക്കോട്, കല്‍പ്പറ്റ, മാനന്തവാടി, മൈസൂരു വഴി ബംഗളൂരുവിലേക്കുമാണ്. സ്പെഷല്‍ സര്‍വീസ് ഏഴുവരെയുണ്ടാകും.