കുറവിലങ്ങാട് രാജ്യമാകെ ആധ്യാത്മിക നേതൃത്വം നൽകിയ പള്ളി: മാർ ജോസഫ് കൊല്ലംപറമ്പിൽ
1588229
Sunday, August 31, 2025 11:11 PM IST
കുറവിലങ്ങാട്: രാജ്യമാകെ ആധ്യാത്മിക നേതൃത്വം നൽകാൻ കഴിഞ്ഞ തീർഥാടന ദേവാലയമാണ് കുറവിലങ്ങാടെന്ന് ഷംഷാബാദ് അതിരൂപത സഹായമെത്രാൻ മാർ ജോസഫ് കൊല്ലംപറമ്പിൽ. കുറവിലങ്ങാട് ബൈബിൾ കൺവൻഷന്റെ നാലാം ദിനത്തിൽ വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകുകയായിരുന്നു ബിഷപ്.
പതിറ്റാണ്ടുകൾ രാജ്യമാകെ നേതൃത്വം നൽകിയ അർക്കദിയാക്കോന്മാരുടെ പിൻതലമുറയാണ് കുറവിലങ്ങാട്ടുള്ളത്. ക്രൈസ്തവരോളംതന്നെ പഴക്കമുള്ള നാടാണ് കുറവിലങ്ങാട്. നോമ്പും ഉപവാസവും വചനശ്രവണവും വഴി ദൈവത്തോട് കൂടുതൽ ചേർന്നുനിൽക്കാൻ കഴിയും. വചനശ്രവണം പരിശുദ്ധാത്മാഭിഷേകത്തിന്റെ വേളകളാണെന്നും മാർ ജോസഫ് കൊല്ലംപറമ്പിൽ പറഞ്ഞു.
അസി. വികാരിമാരായ ഫാ. പോൾ കുന്നുംപുറത്ത്, ഫാ. തോമസ് താന്നിമലയിൽ എന്നിവർ വിശുദ്ധ കുർബാനയിൽ സഹകാർമികരായി.
കൺവൻഷൻ
ഇന്നു സമാപിക്കും
പതിനായിരങ്ങൾക്ക് പുത്തൻ ആത്മീയത സമ്മാനിച്ച് കുറവിലങ്ങാട് ബൈബിൾ കൺവൻഷന് ഇന്ന് സമാപനം. സമാപനദിനമായ ഇന്ന് 3.45ന് ജപമാലപ്രദക്ഷിണം. തുടർന്ന് മുട്ടുചിറ പരിശുദ്ധ റൂഹാദ്ക്കുദിശ ഫൊറോന വികാരി ഫാ. ഏബ്രഹാം കൊല്ലിത്താനത്തുമലയിൽ വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകും.
വചനപ്രഘോഷണത്തിന് ഫാ. സേവ്യർഖാൻ വട്ടായിൽ, ഫാ. ബിനോയി കരിമരുതുങ്കൽ എന്നിവർ നേതൃത്വം നൽകും.
തിരുനാളിന്
ഇന്നു കൊടിയേറും
നോമ്പിന്റെ ആദ്യദിനമായ ഇന്ന് രാവിലെ 7.30ന് ദൈവമാതാവിന്റെ ജനനത്തിരുനാളിന് കൊടിയേറും. ആർച്ച്പ്രീസ്റ്റ് റവ.ഡോ. തോമസ് മേനാച്ചേരി തിരുനാൾ കൊടിയേറ്റും. തുടർന്ന് വിശുദ്ധ കുർബാന.