തിരുവോണത്തോണി നാളെ പുറപ്പെടും
1588238
Sunday, August 31, 2025 11:11 PM IST
കോട്ടയം: ആറന്മുള ഭഗവാനു തിരുവോണ സദ്യക്കുള്ള വിഭവങ്ങളുമായുള്ള തിരുവോണത്തോണിയുടെ അകമ്പടിത്തോണിയേറാന് ഇത്തവണ രവീന്ദ്രബാബു ഭട്ടതിരിപ്പാടിനു പകരം അദ്ദേഹത്തിന്റെ സഹോദരപുത്രന് അനൂപ് നാരായണ ഭട്ടതിരി. ചുരുളന്‍ വള്ളത്തില്‍ കുമാരനല്ലൂര്‍ മങ്ങാട്ടില്ലക്കടവില്നിന്നു നാളെ രാവിലെ 11.45ന് അകമ്പടിത്തോണി പുറപ്പെടും.
വര്‍ഷങ്ങളായി അകമ്പടിത്തോണിയില്‍ പോയിരുന്ന രവീന്ദ്രബാബു കഴിഞ്ഞ പത്തിനാണ് അന്തരിച്ചത്. അസുഖബാധിതനായതിനാല്‍ കഴിഞ്ഞ ഓണത്തിനും അനൂപ് നാരായണ ഭട്ടതിരിയാണ് അകമ്പടിത്തോണിയില്‍ പോയത്.ആറന്മുളയ്ക്കു സമീപം കാട്ടൂരില്‍നിന്നു കുമാരനല്ലൂരിലേക്ക് കുടിയേറിയ മങ്ങാട്ടില്ലത്തെ കാരണവരാണ് നാലര പതിറ്റാണ്ടായി ആറന്മുള പാര്‍ഥസാരഥിക്കുള്ള വിഭവങ്ങളുമായി ജലമാര്‍ഗം ആചാരപരമായ യാത്ര നടത്തിയിരുന്നത്.
മങ്ങാട്ടില്ലത്തെ കാരണവരായിരുന്ന നാരായണ ഭട്ടതിരി അന്തരിച്ചശേഷം ആചാരനിയോഗം ഏറ്റെടുത്ത രവീന്ദ്രബാബു ഭട്ടതിരി നാലുവട്ടം യാത്ര പോയിരുന്നു. കര്‍ക്കടകത്തിലെ പിള്ളേരോണ നാളില്‍ തുടങ്ങുന്ന വ്രതാചരണത്തോടെയാണ് ഒരുക്കം. ചിങ്ങമാസത്തിലെ മൂലം നാളില്‍ കുമാരനല്ലൂര്‍ മങ്ങാട്ടില്ലക്കടവില്നിന്നു വള വരവച്ച ചുരുളനില്‍ മൂന്നു തുഴച്ചില്ക്കാരോടൊപ്പമാണ് ആചാരപ്രകാരമുള്ള യാത്ര.
ഇല്ലത്ത് ആറന്മുളയപ്പന് നിത്യപൂജ കഴിഞ്ഞ് കുമാരനല്ലൂര്‍ ദേവീക്ഷേത്രത്തില്‍ ദര്‍ശനവും പായസനിവേദ്യവും നടത്തിയാണ് പുഴകളും കായലുകളും കടന്നുള്ള യാത്രയ്ക്ക് തോണിയേറുന്നത്. തിരുവോണത്തിനു മുമ്പ് ആര് ബ്ലോക്ക് കായല്‍ വഴി കിടങ്ങറയിലെത്തി ചക്കുളത്തുകാവിലും തിരുവല്ല മൂവടത്തു മഠത്തിലുമെത്തി വിശ്രമശേഷം പൂരാട ദിവസം പമ്പയാറ്റിലൂടെ ആറന്മുള സത്രത്തിലെത്തി വിശ്രമിക്കും.
ഉത്രാടദിവസം രാവിലെ ആറന്മുളയില്നിന്ന് അയിരൂര്‍ പുതിയകാവിലെത്തി ഉച്ചപൂജയും കാട്ടൂര്‍ മഹാവിഷ്ണു ക്ഷേത്രത്തിലെ ദര്‍ശനത്തിനും ശേഷം അവിടെനിന്നും കൊളുത്തുന്ന ദീപവും കരക്കാര് നിറയ്ക്കുന്ന വിഭവങ്ങളുമായി ആറന്മുളയിലേക്ക് യാത്രയാകുന്നതാണ് തിരുവോണത്തോണി യാത്ര. തിരുവോണപ്പുലര്‍ച്ചെ ജലഘോഷയാത്ര ആറന്മുള ക്ഷേത്രക്കടവിലെത്തും. തുടര്‍ന്ന് ഓണവിഭവങ്ങള്‍ സമര്‍പ്പിക്കും.
തിരുവോണദിവസം ആറന്മുള ക്ഷേത്രത്തില്‍ നടക്കുന്ന എല്ലാ ചടങ്ങുകളിലും പങ്കെടുത്ത് ചെലവുമിച്ചം പണക്കിഴി കാണിക്കവഞ്ചിയില്‍ സമര്‍പ്പിച്ച ശേഷം കരമാര്‍ഗമാണ് തിരിച്ച് കുമാരനല്ലൂരിലേക്ക് വരുന്നത്.