ഉരുളികുന്നം തോട്ടിൽ അറവുശാലമാലിന്യം തള്ളുന്നു
1588243
Sunday, August 31, 2025 11:12 PM IST
ഉരുളികുന്നം: പൈക-ചെങ്ങളം റോഡിൽ ഉരുളികുന്നം തോട്ടിൽ അറവുശാലയിൽനിന്നുള്ള മാലിന്യം തള്ളുന്നതായി പരാതി. ചങ്ങലപ്പാലത്തിന് സമീപം കടവിലാണ് പതിവായി രാത്രി ചാക്കിൽ നിറച്ച ഇറച്ചിമാലിന്യം ഉപേക്ഷിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ മൃഗങ്ങളുടെ കുടലുൾപ്പെടെയുള്ള അവശിഷ്ടമാണ് ഇവിടെ തള്ളിയത്.
പാലത്തിനടിയിലും കടവിലും തങ്ങിനിൽക്കുന്ന മാലിന്യം സമീപവാസികൾ കുഴിച്ചിടുകയോ ചിലർ വെള്ളത്തിലൂടെ തള്ളിവിടുകയോ ചെയ്യുകയാണ്. മീനച്ചിലാറ്റിലേക്ക് ഒഴുകുന്ന ഉരുളികുന്നം തോടിന്റെ കരയിലാണ് ഞണ്ടുപാറ കുടിവെള്ള പദ്ധതി.
എലിക്കുളം പഞ്ചായത്ത് ഒന്നാംവാർഡിലെ കുടിവെള്ള പദ്ധതിയെ മാലിന്യംതള്ളൽ മലിനപ്പെടുത്തുമെന്ന് പ്രദേശവാസികൾ പറഞ്ഞു. രാത്രി ഇതുവഴിയെത്തുന്ന വാഹനങ്ങൾ പാലത്തിൽ നിർത്തി ചാക്കുകെട്ട് തള്ളുകയാണെന്നാണ് സൂചന.
രാത്രികാലത്ത് വാഹനങ്ങൾ നിരീക്ഷിക്കാനും പ്രദേശത്ത് കാമറ സ്ഥാപിക്കാനും നടപടിയെടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. പൊൻകുന്നം പോലീസിലെ രാത്രികാല പട്രോളിംഗ് ഇതുവഴി വേണമെന്നും ആവശ്യമുയർന്നു.