ജനോപകാര സംരംഭങ്ങളാണ് നാടിന്റെ വികസനം: ജോസ് കെ. മാണി
1588159
Sunday, August 31, 2025 7:07 AM IST
കടുത്തുരുത്തി: കുറവലങ്ങാട്ടെ സയന്‍സ് സിറ്റിയല്ലാതെ ബൃഹത്തായ എന്തെങ്കിലും വികസന പദ്ധതികള്‍ കടുത്തുരുത്തിയില്‍ എത്തിയിട്ടുണ്ടോയെന്ന് ജനങ്ങള്‍ പരിശോധിക്കണമെന്ന് കേരള കോണ്‍ഗ്രസ്-എം ചെയര്മാന് ജോസ് കെ. മാണി എംപി. വലിയ പദ്ധതികളും സംരംഭങ്ങളും കടുത്തുരുത്തി നിയോജക മണ്ഡലത്തില്‍ എത്താത്തതെന്തെന്ന് ജനം പരിശോധിക്കണം. യൂത്ത് ഫ്രണ്ട്-എം കടുത്തുരുത്തിയില്‍ സംഘടിപ്പിച്ച യുവജന റാലിയോടനുബന്ധിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എംഎല്‍എ ഫണ്ടും എംപി ഫണ്ടും വിനിയോഗിച്ചുള്ള പ്രവര്‍ത്തനങ്ങളല്ല ഒരു നാടിന്റെ വികസന അടയാളങ്ങളായി മാറേണ്ടത്. ബൃഹത്തായ പദ്ധതികളും ജനോപകാരപ്രദമായ സംരംഭങ്ങളുമാണ് ഒരു നാടിന്റെ വികസന അടയാളങ്ങള്‍. മികച്ച പ്രോജക്ടുകള്‍ സര്‍ക്കാരിനു മുന്നില്‍ സമര്‍പ്പിക്കാന്‍ കഴിയാതിരിക്കുന്നത് അതത് മേഖലകളിലെ ജനപ്രതിനിധികളുടെ നിരുത്തരവാദപരമായ പ്രവര്‍ത്തനമായി മാത്രമേ കാണാന്‍ കഴിയുകയുള്ളൂ. വികസനം തിരിഞ്ഞുനോക്കാത്ത നാടെന്ന് കടുത്തുരുത്തി നിയോജകമണ്ഡലത്തിന്റെ പേരുദോഷം മാറ്റിയെടുക്കുമെന്നും ജോസ് കെ മാണി പറഞ്ഞു.
യൂത്ത് ഫ്രണ്ട് എം നിയോജകമണ്ഡലം പ്രസിഡന്റ് ബിബിന്‍ വെട്ടിയാനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മുന്‍ എംപി തോമസ് ചാഴികാടന്, പ്രമോദ് നാരായണന് എംഎല്‍എ, സ്റ്റീഫന്‍ ജോര്‍ജ്, ലോപ്പസ് മാത്യു, ഡിനു ചാക്കോ, ബ്രൈറ്റ് വട്ടുനിരപ്പേല്, ബിറ്റു വൃദ്ധവന്‍, റോണി വലിയപറമ്പന്‍, സണ്ണി തെക്കേടം, ജോസ് പുത്തന്‍കാല, തോമസ് ടി. കീപ്പുറം, സക്കറിയാസ് കുതിരവേലി, സാജന് തൊടുക, ജോര്‍ജുകുട്ടി ആഗസ്തി, നിര്‍മല ജിമ്മി, സിന്ധുമോള്‍ ജേക്കബ് എന്നിവര്‍ പ്രസംഗിച്ചു.
കടുത്തുരുത്തി ബ്ലോക്ക് ജംഗ്ഷനില്‍ നിന്ന് റാലിയോടെയാണ് പരിപാടികള്‍ ആരംഭിച്ചത്. റാലി കടുത്തുരുത്തി ടൗണിലൂടെ തളിയില്‍ ക്ഷേത്രകവാടം വഴി പഞ്ചായത്ത് പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ സമാപിച്ചു.