പാല്‍വില കൂട്ടിയേക്കില്ല; ക്ഷീരകര്‍ഷകര്‍ക്കു തിരിച്ചടി
1576066
Tuesday, July 15, 2025 11:45 PM IST
കോട്ടയം: കനത്ത പ്രതിന്ധിയില്‍ നട്ടംതിരിയുന്ന ക്ഷീരകര്‍ഷകര്‍ക്കു വീണ്ടും നിരാശയായി. പാല്‍വില കൂട്ടേണ്ടെന്ന് തീരുമാനം. പശുക്കളെ വളര്‍ത്തുന്നതിനുള്ള ചെലവും കാലിത്തീറ്റ ഉള്‍പ്പെടെയുള്ളവയുടെ വിലയും വര്‍ധിച്ചതോടെ ക്ഷീരമേഖലയില്‍നിന്ന് കര്‍ഷകര്‍ പിന്‍വാങ്ങുകയാണ്.
ഇതിനെല്ലാം പുറമെ പശുക്കള്‍ക്ക് ആവശ്യമായ മരുന്നുകളുടെ വിലയും വര്‍ധിച്ചുവരുന്നതും കര്‍ഷകര്‍ക്കു തിരിച്ചടിയാണ്. ഈ സാഹചര്യത്തില്‍ ഇന്നലെ ചേര്‍ന്ന മില്‍മ ബോര്‍ഡ് യോഗത്തില്‍ പാല്‍വില വര്‍ധിപ്പിക്കാന്‍ തീരുമാനമുണ്ടാകുമെന്നാണ് കര്‍ഷകര്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ പാല്‍വില വര്‍ധിപ്പിക്കേണ്ടെന്നാണ് യോഗത്തില്‍ തീരുമാനിച്ചത്.
വിവിധ മേഖല യൂണിയനുകളുടെ നിര്‍ദേശം ചര്‍ച്ച ചെയ്യാനാണ് മില്‍മ ഭരണസമിതി ഇന്നലെ യോഗം ചേര്‍ന്നത്. തിരുവനന്തപുരം, എറണാകുളം, മലബാര്‍ യൂണിയനുകള്‍ പാല് വില കൂട്ടാന്‍ ശിപാര്‍ശ ചെയ്തിരുന്നു. പാല്‍വില 60 രൂപയാക്കണമെന്നായിരുന്നു ശിപാര്‍ശ.
എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ വില വര്ധിപ്പിക്കണ്ടെന്ന തീരുമാനമാണ് ബോര്‍ഡ് യോഗം കൈക്കൊണ്ടത്. ഒടുവില്‍ 2022 ഡിസംബറിലാണ് സംസ്ഥാനത്ത് പാല് വില കൂട്ടിയത്.
ക്ഷീരമേഖലയില്‍നിന്ന് വലിയ തോതില്‍ കര്‍ഷകരുടെ കൊഴിഞ്ഞുപോക്ക് തുടരുമ്പോഴും ഇവരെ പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാര്‍ ഭാഗത്തുനിന്നു യാതൊരു നടപടികളുമുണ്ടാകുന്നില്ല. ഈ സാഹചര്യത്തിലാണ് മില്‍മ എറണാകുളം, തിരുവനന്തപുരം യൂണിയനുകള്‍ പാല്‍വില വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടത്.
വില വര്‍ധിപ്പിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കാതിരുന്നത് ക്ഷീരകര്‍ഷകരോട് കാണിച്ച കടുത്ത വഞ്ചനയാണെന്നാണ് കര്‍ഷകര്‍ ആരോപിക്കുന്നത്. വിലവര്‍ധനവ് പഠിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കുക മാത്രമാണ് ബോര്‍ഡ് യോഗത്തിൽ തീരുമാനിച്ചത്. മൃഗസംരക്ഷണ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള പശു വളര്‍ത്തല്‍ കേന്ദ്രങ്ങളില്‍ പാല് വില്പന വില മാസങ്ങള്‍ക്ക് മുന്‍പുതന്നെ ലിറ്ററിന് 60 രൂപയാക്കിയിരുന്നു മില്‍മയുടെ നിയന്ത്രണത്തിലുള്ള ക്ഷീര സംഘങ്ങളില്‍നിന്നു നേരിട്ടുപാല് വാങ്ങിയാല്‍ 60രൂപ കൊടുക്കണം.
തദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് വിലവര്ധിപ്പിക്കാതെന്നും ഇതു ക്ഷീരമേഖലയിലെ തകര്‍ക്കുമെന്നും കര്‍ഷകര്‍ പറയുന്നു.