കാഞ്ഞിരപ്പള്ളി-മണിമല-കുളത്തൂര്‍മൂഴി കര്‍ഷക സൗഹൃദ ലിങ്ക് റോഡിന്റെ അവസാനവട്ട സർവേ ആരംഭിച്ചു
1576034
Tuesday, July 15, 2025 11:30 PM IST
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി-മണിമല-കളത്തൂര്‍മൂഴി കര്‍ഷക സൗഹൃദ ലിങ്ക് റോഡിന്റെ അവസാന വട്ട സർവേ ജോലികൾ ആരംഭിച്ചു. നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കും മുന്‍പുള്ള സർവേ ജോലികളാണ് നടത്തുന്നത്. കേരള റോഡ് ഫണ്ട് ബോർഡിന്റെ മേൽനോട്ടത്തിൽ പദ്ധതിയുടെ കരാർ ഏറ്റെടുത്ത റാന്നി കേന്ദ്രമായുള്ള ബഗോറ കമ്പനിയുടെ ജീവനക്കാരാണ് സർവേ ജോലികൾ നടത്തുന്നത്.
മുന്‍പ് സ്ഥാപിച്ച സർവേ കല്ലുകളിൽ ചിലത് നഷ്ടപ്പെട്ട സ്ഥിതിയുണ്ട്. ചിലത് വാഹനങ്ങളിടിച്ചും മറ്റും സ്ഥാനംതെറ്റിയ നിലയിലാണ്. ഈ സ്ഥലങ്ങൾ വീണ്ടും കണ്ടെത്തി അടയാളപ്പെടുത്തുന്നതിന്റെ ഭാഗമായാണ് അവസാനവട്ട സർവേ നടത്തുന്നത്.
കാഞ്ഞിരപ്പള്ളിയിൽ മണിമല റോഡ് ആരംഭിക്കുന്നിടത്തുനിന്നാണ് സർവേ നടപടികൾ ആരംഭിച്ചിരിക്കുന്നത്. ഇതിനൊപ്പം മണ്ണനാനി മുതൽ നിലവിലുള്ള കലുങ്കുകളുടെ വൃത്തിയാക്കലും ആരംഭിച്ചിട്ടുണ്ട്. സർവേ പൂർത്തിയായാലുടൻ നിർമാണ ജോലികൾ ആരംഭിക്കും. കാഞ്ഞിരപ്പള്ളി മുതൽ മണ്ണനാനിവരെയുള്ള 6.95 കിലോമീറ്റർ ദൂരം ആദ്യ ഘട്ടത്തിലും മണിമല മുതൽ കുളത്തൂർമൂഴി വരെയുള്ള 11.45 കിലോമീറ്റർ ദൂരം രണ്ടാം ഘട്ടത്തിലും പുനർനിർമിക്കും.
കാഞ്ഞിരപ്പള്ളി-മണിമല-കുളത്തൂര്മൂഴിവരെയുള്ള നിലവിലെ റോഡിന്റെ സെന്റര്ലൈന് നിലനിര്‍ത്തി പരമാവധി വളവുകള്‍ നിവര്‍ത്തി ആധുനിക നിലവാരത്തിലായിരിക്കും നിർമാണം. രണ്ടു വശങ്ങളിലും ഫുട്പാത്തിന് പുറമേ വാട്ടര്‍ അഥോറിറ്റി, കെഎസ്ഇബി, ടെലിഫോണ്‍ എന്നിവയുടെ യൂട്ടിലിറ്റി സൗകര്യവും മറ്റ് ആധുനിക റോഡ് സുരക്ഷാ സാമഗ്രികളും ഇതിനോടൊപ്പം ഉള്‍പ്പെടുത്തും.
കേരള റോഡ് ഫണ്ട് ബോര്‍ഡിനാണ് പദ്ധതിയുടെ നിര്‍മാണച്ചുമതല. കിഫ്ബിയാണ് പദ്ധതിക്കാവശ്യമായ തുക അനുവദിച്ചത്. 85.81 കോടി രൂപയ്ക്കാണ് പദ്ധതി ടെൻഡർ നൽകിയിരിക്കുന്നത്. നിലവിലെ റോഡിന്റെ വീതി എട്ടു മീറ്റര്‍ എന്നത് പത്തു മീറ്ററാക്കി വർധിപ്പിച്ചാണ് നിർമാണം. ഇതിനാവശ്യമായ സ്ഥലം സങ്കീര്‍ണമായ സ്ഥലമേറ്റെടുക്കല്‍ നടപടികളിലേക്ക് പോകാതെ സൗജന്യമായി വിട്ടുതരാന്‍ വസ്തു ഉടമകള്‍ തയാറായിരുന്നു.