ബസ് യാത്രക്കാരന്റെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച പ്രതികള്‍ അറസ്റ്റില്‍
1573966
Tuesday, July 8, 2025 2:54 AM IST
കോട്ടയം: ബസിൽനിന്ന് യാത്രക്കാരന്റെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച കേസിലെ പ്രതികള്‍ അറസ്റ്റില്‍. തിരുവനന്തപുരം സ്വദേശിയായ അന്‍സില്‍ (62) മുണ്ടക്കയം സ്വദേശി സുഭാഷ് (47) എന്നിവരെയാണ് മണര്‍കാട് പോലീസ് അറസ്റ്റ് ചെയ്ത്. ഇക്കഴിഞ്ഞ ആറിന് രാവിലെ 10.30ന് കോട്ടയം പാലാ റൂട്ടില്‍ സര്‍വീസ് നടത്തുന്ന എവറസ്റ്റ് ബസിലായിരുന്നു കേസിനാസ്പദമായ സംഭവം.
ഈ ബസിലെ യാത്രക്കാരനായ പറവൂര്‍ സ്വദേശിയായ അജി എന്നയാളുടെ മൊബൈല്‍ ഫോണാണ് മോഷണം പോയത്. മോഷ്ടിച്ച മൊബൈല്‍ ഫോണ്‍ പാലായിലുള്ള കടയില്‍ വില്ക്കാന് ശ്രമിക്കുന്നതായി ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പാലാ പോലീസിന്റെ സഹായത്തോടെ മണര്‍കാട് പോലീസ് സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. ഇവരില്‍നിന്ന് ആപ്പിള്‍ ഐഫോണ്‍ ഉള്‍പ്പെടെ മൂന്നു ഫോണുകള്‍ പോലീസ് കണ്ടെടുത്തു.
സ്ഥിരം മോഷ്ടാക്കളായ ഇരുവരുടെയും പേരില്‍ സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിലായി നിരവധിക്കേസുകള്‍ നിലവിലുണ്ട്. അന്‍സില്‍ 12 കേസുകളിലും സുഭാഷ് 19 കേസുകളിലും പ്രതിയാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.