ചങ്ങനാശേരി റെയില്‍വേ സ്റ്റേഷനില്‍ നിര്‍മാണങ്ങൾ അവസാനഘട്ടത്തില്‍
1573963
Tuesday, July 8, 2025 2:53 AM IST
ചങ്ങനാശേരി: തകര്‍ന്നുകിടക്കുന്ന റെയില്‍വേ ഗുഡ്സ് ഷെഡ് പുനര്‍നിര്‍മിക്കുന്നതിന് റെയില്‍വേ 58 ലക്ഷം രൂപ അനുവദിച്ചതായി കൊടിക്കുന്നില്‍ സുരേഷ് എംപി അറിയിച്ചു. ഇതു സംബന്ധിച്ച് ഡിവിഷണല്‍ റെയില്‍വേ മാനേജരുടെ അനുമതി ഉടന്‍ ലഭിക്കും. വൈകാതെ നിര്‍മാണം ആരംഭിക്കും.
കേന്ദ്ര റെയില്‍ മന്ത്രാലയം ചങ്ങനാശേരി റെയില്‍വേ സ്റ്റേഷനില്‍ നടപ്പാക്കുന്ന അമൃത് ഭാരത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മാണം പുരോഗമിക്കുന്ന പ്രവൃത്തികളുടെ പുരോഗതി വിലയിരുത്തുന്നതിന് കൊടിക്കുന്നില്‍ സുരേഷ് എംപി വിളിച്ചുചേര്‍ത്ത യോഗത്തിലാണ് വിവിധ പദ്ധതികള്‍ സംബന്ധിച്ച കാര്യങ്ങള്‍ വ്യക്തമാക്കിയത്. ടെര്‍മിനലിലേക്ക് ആവശ്യമായ ഫര്‍ണിച്ചറുകളും എത്തിക്കും.
നിര്‍മാണം പുരോഗമിക്കുന്ന ആറരക്കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ ഓഗസ്റ്റ് 15നകം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. അവലോകന യോഗത്തില്‍ റെയില്‍വേ എന്‍ജിനിയറിംഗ് വിഭാഗം ഉദ്യോഗസ്ഥരും വിവിധ ജനപ്രതിനിധികളും റെയില്‍വേ യാത്രക്കാരുടെ പ്രതിനിധികളും പങ്കെടുത്തു.
ഒന്നാം പ്ലാറ്റ് ഫോമില്‍ ട്രെയിനുകള്‍ നിര്‍ത്തുന്ന കാര്യം പരിഗണിക്കണം
ചങ്ങനാശേരി: ചങ്ങനാശേരി റെയില്‍വേ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്ഫോമില്‍ അത്യാവശ്യ ട്രെയിനുകളെങ്കിലും നിര്‍ത്താന്‍ നടപടി വേണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി വിളിച്ചുചേര്‍ത്ത യോഗത്തില്‍ നിര്‍ദേശം ഉയര്‍ന്നു. വെയിറ്റിംഗ് റൂം ശൗചാലയങ്ങള്‍ ഉള്‍പ്പെടെ സൗകര്യങ്ങള്‍ ഒന്നാം പ്ലാറ്റ് ഫോമിലാണ്. ഈ പ്ലാറ്റ്ഫോമില്‍ ട്രെയിനുകള്‍ നിര്‍ത്താത്തത് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടാകുന്നതായും യാത്രക്കാര്‍ ചൂണ്ടിക്കാട്ടി. യാത്രക്കാര്‍ ഉന്നയിച്ച ഈ ആവശ്യത്തെ എംപിയും പിന്തുണച്ചു.
എന്നാല്‍, ഫാസ്റ്റ് ട്രെയിനുകള്‍ക്ക് കടന്നുപോകാനുള്ള ലൂപ്പ് ലൈനായതിനാല്‍ ഈ പ്ലാറ്റ്ഫോമില്‍ ട്രെയിനുകള്‍ നിര്‍ത്തുന്നതിന് ബുദ്ധിമുട്ടുണ്ടെന്നും ഇക്കാര്യം ഉന്നതാധികാരികളെ അറിയിക്കുമെന്നും റെയില്‍വേ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
റെയില്‍വേ സ്റ്റേഷനില്‍ സജ്ജമാകുന്ന സംവിധാനങ്ങള്‍
• റെയില്‍വേ സ്റ്റേഷനു മുമ്പില്‍ അഭിമാനസ്തംഭമായി ദേശീയപതാക സ്ഥാപിക്കും.
• ചങ്ങനാശേരി ബൈപാസില്‍നിന്നു റെയില്‍വേ സ്റ്റേഷനിലേക്ക് വാഹനങ്ങള്‍ വരുന്നതിനും പോകുന്നതിനുമുള്ള റോഡും ആധുനിക കവാടവും പൂര്‍ത്തിയായി.
• നൂറുകണക്കിനു വാഹനങ്ങള്‍ക്കുള്ള വിപുലമായ പാര്‍ക്കിംഗ് സംവിധാനം ഒരുങ്ങി.
• പ്ലാറ്റ്ഫോമുകള് മാര്‍ബിള്‍ പാകി. ഇരിപ്പിടങ്ങള്‍ മനോഹരമാക്കി.
• മീറ്റിംഗ് റൂമും വിഐപി ലോഞ്ചും നിര്‍മാണം പൂര്‍ത്തിയായി.
• ഇന്‍ഫര്‍മേഷന്‍ ഡിസ്പ്ലേ ബോര്‍ഡും കോച്ച് പൊസിഷന്‍ വിവരങ്ങള്‍ ലഭിക്കുന്നതിനുള്ള ഡിജിറ്റല്‍ ബോര്‍ഡും സ്ഥാപിച്ചു.
• രണ്ടാമത്തെ ഫുട് ഓവര്‍ബ്രിഡ്ജ് നിര്‍മാണം പൂര്‍ത്തിയാക്കി.
• ഇതിനോട് ചേര്‍ന്നുള്ള ലിഫ്റ്റിന്റെ നിര്‍മാണം പുരോഗമിക്കുന്നു.
• പ്രധാന കവാടത്തില്‍ ഹൈമാസ്റ്റ്, ഗുഡ്സ്ഷെഡ് റോഡില്‍ മിനിമാസറ്റ് വിളക്കുകള്‍ സ്ഥാപിക്കും.
നിർദേശങ്ങൾ
• നിര്‍മാണത്തിലിരിക്കുന്ന നടപ്പാലം വാഴൂര്‍ റോഡില്നിന്നെത്തുന്ന യാത്രക്കാര്‍ക്ക് എളുപ്പത്തില്‍ സ്റ്റേഷനിലേക്ക് പ്രവേശിക്കാവുന്നവിധം മൂന്നാം പ്ലാറ്റ്ഫോംവരെ ദീര്‍ഘിപ്പിക്കണം.
• പ്ലാറ്റ് ഫോമുകളില്‍ കോച്ച് പൊസിഷന്‍ അറിയാനുള്ള ബോര്‍ഡുകള്‍ സ്ഥാപിക്കണം.
• മൂന്നാം പ്ലാറ്റ് ഫോമില്‍ വെന്‍ഡിംഗ് മെഷീന് സജ്ജമാക്കണം.
• കോവിഡ്കാലത്ത് നിര്‍ത്തലാക്കിയ മംഗലാപുരം-തിരുവനന്തപുരം ട്രെയിനിന് ചങ്ങനാശേരിയിലെ സ്റ്റോപ്പ് പുനഃസ്ഥാപിക്കണം.
• ഒന്നാം പ്ലാറ്റ്ഫോം നവീകരണത്തിന്റെ ഭാഗമായി തറയില്‍ സ്ഥാപിച്ച ടൈലുകള്‍ നനയുമ്പോള്‍ യാത്രക്കാര്‍ തെന്നിവീഴുന്നതിന് പരിഹാരം വേണം.
• വാഴൂര്‍ റോഡിലെയും കവിയൂര്‍ റോഡിലെ ഫാത്തിമാപുരം മേല്‍പ്പാലങ്ങളില്‍ അപ്രോച്ച് റോഡുകള്ക്കുണ്ടായിരിക്കുന്ന വിള്ളല്‍ പരിശോധിക്കണം.
• പെരുംതുരുത്തി-ഏറ്റുമാനൂര്‍ ബൈപാസില്‍ നാലുകോടി റെയില്‍വേ മേല്‍പ്പാലത്തിന്റെ നിര്‍മാണ നടപടികള്‍ വേഗത്തിലാക്കണം.